print edition സുധാകരനെ വെട്ടി; എൽദോസിനും സീറ്റില്ല

കെ സുധാകരന്‍, എൽദോസ് കുന്നപ്പള്ളി
തിരുവനന്തപുരം: തർക്കങ്ങൾക്ക് ഒടുവിൽ മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒഴിവാക്കിയുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. ബിജെപി പിന്തുണയിൽ സ്വതന്ത്രനായി മത്സരിക്കും എന്നതടക്കമുള്ള സമ്മർദങ്ങളുയർത്തിയിട്ടും കെ സുധാകരന് പട്ടികയിൽ ഇടം പിടിക്കാനായില്ല. കണ്ണൂരിൽ ടി ഒ മോഹനൻ മത്സരിക്കും. മത്സരിച്ചില്ലെങ്കിൽ കണ്ണൂരിൽ റിജിൽ മാക്കുറ്റിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും ദേശീയനേതൃത്വം അവഗണിച്ചു.
വി ഡി സതീശന്റെ അനുയായികൾക്ക് ഇടം നൽകിയുള്ള 37 അംഗ സ്ഥാനാർഥി പട്ടികയാണ് വ്യാഴം രാത്രി പത്തിന് ശേഷം പ്രസിദ്ധീകരിച്ചത്. പെരുമ്പാവൂരിലെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെയും വെട്ടി. മനോജ് മൂത്തേടൻ ആണ് സ്ഥാനാർഥി. തുടർകാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്ന് എൽദോസ് മാധ്യമങ്ങളോട് പറഞ്ഞു.
കോന്നിയിൽ മത്സരിക്കാൻ ഇളവ് വേണമെന്ന അടൂർ പ്രകാശിന്റെ വാദവും അംഗീകരിച്ചില്ല. പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനാണ് സീറ്റ്. കെ സി വേണുഗോപാലിന്റെ നോമിനിയായ ദീപ്‌തി മേരി വർഗീസിനും സീറ്റില്ല. വേണുഗോപാലിന്റെ വാക്ക് വിശ്വസിച്ച് പോസ്റ്റർ പ്രചാരണം ഉൾപ്പെടെ ആരംഭിച്ച ദീപ്‌തിക്ക് സീറ്റ് ലഭിക്കാത്തത് കനത്ത തിരിച്ചടിയായി. സതീശന്റെ നോമിനിയായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കൊച്ചിയിൽ സ്ഥാനാർഥി.
തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരാണ് സ്ഥാനാർഥി. പ്രാദേശികമായി വലിയ എതിർപ്പ് സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വത്തിനുനേരെ ഉയർന്നിരുന്നു. വൈപ്പിനിൽ ടോണി ചമ്മിണി, കായംകുളത്ത് എം ലിജു, ആറന്മുള – അബിൻ വർക്കി, നേമം – കെ എസ് ശബരിനാഥൻ, അരുവിക്കര – വി എസ് ശിവകുമാർ എന്നിവർ മത്സരിക്കും. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും പട്ടികയിൽ ഇടമില്ല.










0 comments