ശിവരാത്രി: ആലുവയിൽ ഗതാഗതനിയന്ത്രണം

ശിവരാത്രി ആഘോഷത്തിനും ബലിതർപ്പണത്തിനും തയ്യാറായ ആലുവ മണപ്പുറവും മഹാദേവക്ഷേത്രവും
ആലുവ : ബലിതർപ്പണത്തിനായി ആലുവ ശിവരാത്രി മണപ്പുറം ഒരുങ്ങി. ഞായർ അർധരാത്രി ശിവരാത്രി വിളക്കിനുശേഷം തിങ്കൾ ഉച്ചവരെ ആയിരങ്ങൾ തർപ്പണം നടത്തും. ക്ഷേത്രചടങ്ങുകൾക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരി നേതൃത്വം നൽകും. 116 ബലിത്തറകളാണ് തിരുവതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ബലിതർപ്പണത്തിന് 100 രൂപയാണ് നിരക്ക്. കുംഭമാസത്തിലെ അമാവാസി ദിവസമായ ചൊവ്വാഴ്ചയും വാവുബലി നടത്താം. പിതൃതർപ്പണത്തിനായി എത്തുന്നവർക്ക് സൗജന്യ ലഘുഭക്ഷണവും ചുക്കുവെള്ളവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
ശിവരാത്രിയുടെ ഭാഗമായി ഞായർ വൈകിട്ട് 4 മുതൽ തിങ്കൾ പകൽ 2 വരെ ആലുവ പട്ടണത്തിലും പരിസരത്തും പൊലീസ് ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്കുവരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്ന് ജിസിഡിഎ റോഡുവഴി ആയുർവേദ ആശുപത്രിക്കുമുമ്പിലൂടെ പോകണം. മണപ്പുറം ഭാഗത്തുനിന്നുള്ള എല്ലാവാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി പറവൂർ കവലയിൽ എത്തണം. തോട്ടയ്ക്കാട്ടുക്കര ജങ്ഷനിൽനിന്ന് മണപ്പുറത്തേക്ക് ഗതാഗതം അനുവദിക്കില്ല. വരാപ്പുഴ, എടയാർ ഭാഗങ്ങളിൽനിന്നുള്ള സർവീസ് ബസുകൾ തോട്ടയ്ക്കാട്ടുകര കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയശേഷം പറവൂർ കവല, യുസി കോളേജ്, കടുങ്ങല്ലൂർവഴി തിരികെ പോകണം.
അങ്കമാലി ഭാഗത്തുനിന്നുവരുന്ന പ്രൈവറ്റ് ബസുകൾ പറവൂർ കവലയിൽ ആളെ ഇറക്കി യുടേൺ ചെയ്ത് മടങ്ങണം. എറണാകുളം ഭാഗത്തുനിന്ന് എൻഎച്ച് വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസുകൾ പുളിഞ്ചോടുനിന്ന് വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴിവഴി സ്റ്റാൻഡിലെത്തി ആളെയിറക്കി തിരികെ ബാങ്ക് ജങ്‌ഷൻ–ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം. എറണാകുളം ഭാഗത്തുനിന്നുവരുന്ന കെഎസ്ആർടിസി ബസുകൾ പുളിഞ്ചോടുനിന്ന് വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴിവഴി പ്രൈവറ്റ് സ്റ്റാൻഡിൽഎത്തി തിരികെ ബാങ്ക് ജങ്‌ഷൻ–ബൈപാസ് വഴി എറണാകുളം ഭാഗത്തേക്കുപോകണം. പെരുമ്പാവൂർ ഭാഗത്തുനിന്നുവരുന്ന കെഎസ്ആർടിസി ബസുകൾ, പന്പ് ജങ്ഷൻവഴി ആലുവ മഹാത്മഗാന്ധി ടൗൺഹാളിനുമുന്നിലെ താൽക്കാലിക സ്റ്റാൻഡിൽ എത്തി മടങ്ങണം.
പെരുമ്പാവൂർ ഭാഗത്തുനിന്നുവരുന്ന പ്രൈവറ്റ് ബസുകൾ, ഡിപിഒ ജങ്‌ഷൻവഴി താഴേക്ക് ഇറങ്ങി, ഗവ. ആശുപത്രി, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവീസ് റോഡിലൂടെ പുളിഞ്ചോട് ജങ്‌ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവ. ആശുപത്രി, റെയിൽവേ സ്ക്വയർ പമ്പ് ജങ്‌ഷൻവഴി മടങ്ങണം.
ഞായർ രാത്രി 8 മുതൽ തിങ്കൾ പകൽ 2 വരെ ബാങ്ക് കവലമുതൽ മഹാത്മഗാന്ധി ടൗൺഹാൾ റോഡ് വരെ ഗതാഗതം അനുവദിക്കില്ല. ഞായർ രാത്രി 8 മുതൽ എൻഎച്ച് ഭാഗത്തുനിന്ന് ആലുവ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജങ്‌ഷനിൽ എത്തി കാരോത്തുകുഴി, ജില്ലാ ആശുപത്രി വഴി പോകണം. പെരുമ്പാവൂർ ഭാഗത്തുനിന്ന് ടൗൺ വഴി എൻഎച്ചിലേക്ക് പോകേണ്ട വാഹനങ്ങൾ മാതാ, സീനത്ത്, ഡിപിഒ, ജില്ലാ ആശുപത്രി ജങ്‌ഷൻ, കാരോത്തുകുഴി വഴി പോകണം.
മണപ്പുറത്ത് കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്.
ഇതിനുപുറമേ പ്രധാന റോഡുകൾക്ക് ഇരുവശത്തും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. മണപ്പുറത്തും പരിസരത്തും കൂടുതൽ പൊലീസിനെ വിന്യസിക്കും. പൊലീസ് തയ്യാറാക്കിയ ക്യുആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിങ് ഗ്രൗണ്ടിന്റെ ലൊക്കേഷൻ ലഭ്യമാകും. അതിനനുസരിച്ച് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കാം. അഗ്നിരക്ഷാസേന, സ്‌കൂബ സംഘം, ആംബുലൻസ്, മെഡിക്കൽസംഘം എന്നിവരുടെ സേവനവുമുണ്ടാകും.
ശിവരാത്രിനാളിൽ മണപ്പുറത്തെത്തുന്നവർക്ക് ദേവസ്വം ബോർഡ് രണ്ടുകോടി രൂപയുടെയും ആലുവ നഗരസഭ ഒരുകോടി രൂപയുടെയും ഗ്രൂപ്പ് ഇൻഷുറൻസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചു. അഗ്നിരക്ഷാസേന, നാവികസേന, മുങ്ങൽവിദഗ്ധർ എന്നിവരുടെ സേവനവും ഉണ്ടാകും.
മണപ്പുറത്ത് കെഎസ്ആർടിസി പ്രത്യേക സ്റ്റാൻഡ് കേന്ദ്രീകരിച്ച് 250 കെഎസ്ആർടിസി ബസുകൾ പ്രത്യേകം സർവീസ് നടത്തും. സ്വകാര്യ ബസുകൾക്ക് രാത്രി സർവീസിന് പ്രത്യേകപാസും അനുവദിച്ചിട്ടുണ്ട്. മണപ്പുറത്തെ താൽക്കാലിക ഓഫീസിൽ ശിവരാത്രിനാളിൽ ആലുവ നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗം ചേരും. ഒരുമാസത്തെ വ്യാപാരമേളയ്‌ക്കും വിനോദപരിപാടികൾക്കും ഞായറാഴ്ച തുടക്കമാകും. പത്തനാപുരം ആസ്ഥാനമായിട്ടുള്ള അഗ്രിടെക് ഗ്രീൻ ടെക്‌നോളജീസാണ് പരിപാടി നടത്തുന്നത്.
ആലുവ അദ്വൈതാശ്രമത്തിൽ സ്വാമി ധർമ ചൈതന്യയുടെ നേതൃത്വത്തിൽ ബലിതർപ്പണം നടക്കും. ഞായർ വൈകിട്ട് 5.30ന് 103–-ാം സർവമതസമ്മേളനം ജസ്റ്റിസ് കെ വി ജയകുമാർ ഉദ്ഘാടനം ചെയ്യും. കാലടി മണപ്പുറം, ചേലാമറ്റം ശ്രീകൃഷ്‌ണസ്വാമിക്ഷേത്രം, പിറവം പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിലും ബലിതർപ്പണത്തിന് ഒരുക്കങ്ങളായി.









0 comments