print edition ശിവഗിരി തീര്‍ഥാടനം നാളെ തുടങ്ങും

ശിവഗിരി മഠം
വർക്കല
93–ാ-മത് ശിവഗിരി മഹാതീർഥാടനത്തിന് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 9.30ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഉദ്‌ഘാടനംചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും. പകൽ 11ന് തീര്‍ഥാടന ലക്ഷ്യം -വിദ്യാഭ്യാസത്തില്‍ ‘മാറേണ്ട വിദ്യാഭ്യാസവും മാറരുതാത്ത മൂല്യങ്ങളും’ സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസും പകൽ ഒന്നിന് ശുചിത്വത്തില്‍ ‘ആധുനികജീവിതത്തിലെ ആരോഗ്യ പ്രതിസന്ധികള്‍’ എന്ന വിഷയത്തിലെ സമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഉദ്ഘാടനം ചെയ്യും. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍, കൊളത്തൂർ അദ്വൈതാശ്രമം അധ്യക്ഷൻ സ്വാമി ചിദാനന്ദ പുരി എന്നിവരും വിവിധ സെഷനുകള്‍ ഉദ്ഘാടനം ചെയ്യും.
ബുധന്‍ പുലര്‍ച്ചെ 5.30ന് തീര്‍ഥാടന ഘോഷയാത്ര മഹാസമാധിയില്‍ നിന്നും പുറപ്പെട്ട് മൈതാനം, റെയില്‍വേ സ്റ്റേഷന്‍ വഴി തിരികെ മഹാസമാധിയില്‍ എത്തിച്ചേരും. 9.30ന് തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പകൽ12ന് കൃഷി, കച്ചവടം, കൈത്തൊഴില്‍ വിഷയങ്ങളിലെ സമ്മേളനം മന്ത്രി പി രാജീവ്, 2.30ന് "ഭാവി ലോകത്തിന്റെ പ്രത്യാശയും സങ്കീര്‍ണതയും’ ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി ജി ആര്‍ അനിൽ, വൈകിട്ട് അഞ്ചിന് മാധ്യമ സമ്മേളനം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവരും ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിന് രാവിലെ 10ന് ആരംഭിക്കുന്ന സംഘടനാ സമ്മേളനം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. പകൽ11 ന് ശ്രീനാരായണ പ്രസ്ഥാന സംഗമം മന്ത്രി കെ എന്‍ ബാലഗോപാല്‍, പകൽ ഒന്നിന് തമിഴ് -കന്നട ശ്രീനാരായണ സംഗമം തമിഴ്നാട് മന്ത്രി ടി മനോ തങ്കരാജ്, 2.30ന് സാഹിത്യ സമ്മേളനം എം മുകുന്ദൻ, വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ എന്നിവർ ഉദ്ഘാടനം ചെയ്യും.









0 comments