ആശങ്കയേറ്റി ഷിഗെല്ല; കൂടുതൽ ജില്ലകളിലേയ്ക്ക് പടരുന്നു, മെല്ലെ പോക്കില്‍ ആരോഗ്യവകുപ്പ്

കെ മുരളീധരന്‍ (വലത്)
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയേറ്റി ഷിഗെല്ല പടർന്ന് പിടിക്കുന്നു. തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധ സ്ഥിരീകരിക്കുന്ന നാലാമത്തെ ജില്ലയായി. ഷിഗെല്ല ആദ്യം റിപ്പോർട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. പിന്നീട് വയനാട് ജില്ലയിൽ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് കുട്ടികൾക്കാണ് വയനാട് മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത്. 27 വിദ്യാർഥികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
വയനാട് കോളിയാടി സ്കൂൾ കിണറിലെ വെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വെള്ളത്തിലൂടെയാണ് കുട്ടികളിൽ ഷിഗെല്ല രോഗം പടർന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് രോഗം കൊല്ലം, തിരുവനന്തപുരം ജില്ലകളിലേയ്ക്ക് കൂടി വ്യാപിക്കുകയായിരുന്നു. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. മൂന്ന് പേരുടേയും നില തൃപ്തികരമാണെന്നാണ് വിവരം. കൊല്ലത്ത് എട്ട് വയസുകാരനായ ആൺകുട്ടിക്കും 12 വയസുകാരിയായ പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ളവരാണ്.
രോഗം സ്ഥിരീകരിച്ച വിവരം കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി അറിയിച്ചു. വയനാട്ടിൽ ഷിഗെല്ല കൂടുതൽ അപകടകാരിയാകുന്നുവെന്ന സൂചന നിലനിൽക്കുകയാണ്. രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നുവെന്ന ആശങ്കയും ഏറുന്നു. തുടർന്ന് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട്ടിലെ നെന്മേനിയിൽ അധികൃതർ കടുത്ത ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തി. ഇതിനു പിന്നാലെയാണ് കൊല്ലം തിരുവനന്തപുരം ജില്ലകളിൽ രോഗബാധ കണ്ടെത്തിയത്. സാഹചര്യം കൂടുതൽ സങ്കീർണാവസ്ഥയിലേയ്ക്ക് കടക്കുമ്പോഴും നിലവിലെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണ വിധേയമെന്ന പല്ലവിയാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. രാഷ്ട്രീയ പ്രേരിതമായി നടത്തിയ സ്ഥലം മാറ്റങ്ങളും ആരോഗ്യവകുപ്പിനെ പ്രതികൂലമായി ബാധിച്ചു.
രോഗ ലക്ഷണങ്ങളോടെ ആറ് ദിവസമായി വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടിയിട്ടും ആരോഗ്യവകുപ്പോ, സർക്കാരോ ഗൗരവത്തിൽ കണ്ടില്ലെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. അതിവേഗത്തിൽ പടരുന്ന പകർച്ചാ വ്യാധിയായിട്ടും സമീപ ജില്ലയായ കോഴിക്കോട് നാലുവയസ്സുകാരൻ ഷിഗെല്ല ബാധിച്ച് മരിച്ചിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ജാഗ്രതയുണ്ടായില്ല. പ്രതിരോധ നടപടികളിലേക്ക് കടക്കാൻ സർക്കാർ ദിവസങ്ങൾ എടുത്തതാണ് ഇപ്പോൾ മറ്റ് ജില്ലകളിലേയ്ക്കും ഷിഗെല്ല പടരാൻ കാരണമെന്നാണ് ഉയരുന്ന വിമർശനം. ഇനിയും മറ്റിടങ്ങളിലേയ്ക്ക് വ്യാപിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.










0 comments