'എനിക്ക് ഇൻഫ്ലേഷൻ ഇഷ്ടമാണ്'; യുഎസിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ വിവാദ പ്രസ്താവനയുമായി ട്രംപ്

ഡോണാൾഡ് ട്രംപ്
വാഷിംഗ്ടൺ : അമേരിക്കയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വിലക്കയറ്റം എത്തിയതിനു പിന്നാലെ, തനിക്ക് ഇൻഫ്ലേഷൻ ഇഷ്ടമാണെന്ന വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട മെയ് മാസത്തിലെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് വിലക്കയറ്റ നിരക്ക് 4.2 ശതമാനമായി ഉയർന്നു. ഏപ്രിലിൽ ഇത് 3.8 ശതമാനമായിരുന്നു. യുഎസ്-ഇസ്രായേൽ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തെ തുടർന്ന് ഊർജ്ജ പ്രതിസന്ധി രൂക്ഷമായതും ഇന്ധനവില വർധിച്ചതുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണം.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് എനിക്ക് ഇത് ഇഷ്ടപ്പെട്ടു, ഈ നമ്പറുകൾ മികച്ചതാണ്. ഞാൻ ശരിക്കും എന്താണ് ഇഷ്ടപ്പെടുന്നതെന്ന് അറിയാമോ? എനിക്ക് ഇൻഫ്ലേഷൻ ഇഷ്ടമാണ് എന്ന് ട്രംപ് പറഞ്ഞത്. എന്നാൽ ട്രംപിന്റെ ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ് ലീഡർ ചക്ക് ഷുമർ ഉൾപ്പെടെയുള്ളവർ ട്രംപിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. വിമർശനം ശക്തമായതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് തിരുത്തി. ഇൻഫ്ലേഷൻ നിരക്ക് പ്രതീക്ഷിച്ചതിലും ഉയരാത്തതിനെയാണ് താൻ അഭിനന്ദിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതോടെ വിലക്കയറ്റം പാറക്കല്ല് പോലെ താഴേക്ക് പതിക്കുമെന്നും അവകാശപ്പെട്ടു.
ഇറാനിൽ നിന്നും ദശലക്ഷക്കണക്കിന് ബാരൽ എണ്ണ പിടിച്ചെടുക്കാൻ യുഎസ് സൈന്യം രാത്രികാല ഓപ്പറേഷൻ നടത്തിയതായും ഇത് എണ്ണവില നേരിയ തോതിൽ കുറയാൻ സഹായിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. 2026ന്റെ തുടക്കത്തിൽ അയോവയിൽ ഒരു ഗാലൻ പെട്രോൾ 1.85 ഡോളറിന് വിറ്റിരുന്ന സാഹചര്യം ഓർമ്മിപ്പിച്ച ട്രംപ്, യുദ്ധം അവസാനിച്ചാൽ വീണ്ടും ആ നിരക്കിലേക്ക് വിലയെത്തിക്കുമെന്നും ഉറപ്പുനൽകി. യുദ്ധം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോഴും ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഇപ്പോഴും ഉയർന്ന നിലയിലാണ്. ഫെബ്രുവരി 28ന് ട്രംപ് ഇറാനെതിരെ ആക്രമണം നടത്തുമ്പോൾ യുഎസിൽ ഒരു ഗാലൻ പെട്രോളിന് 2.98 ഡോളറായിരുന്നു വില.
എന്നാൽ നിലവിൽ ഇത് 4.15 ഡോളറായി ഉയർന്നു. ലോകത്തെ ആകെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതാണ് ആഗോളതലത്തിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ഹോർമുസ് വഴിയുള്ള ചരക്കുനീക്കം സാധാരണ നിലയിലാകാൻ 2027 വരെ സമയമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. തുടർച്ചയായ മൂന്നാം മാസമാണ് യുഎസിൽ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ഉയരുന്നത്. വിമാന ടിക്കറ്റ് നിരക്ക്, മെഡിക്കൽ പരിചരണം, വിനോദം, വാർത്താവിനിമയം എന്നിവയ്ക്കും യുഎസിൽ ചിലവേറി. 2022ൽ ജോ ബൈഡന്റെ ഭരണകാലത്തുണ്ടായ 9.1 ശതമാനം എന്ന റെക്കോഡ് ഇൻഫ്ലേഷനേക്കാൾ വളരെ താഴെയാണ് ഇപ്പോഴത്തെ നിരക്കെങ്കിലും, വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഇത് ട്രംപിന് വലിയ രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
വിലക്കയറ്റം നിയന്ത്രണവിധേയമാക്കാൻ യുഎസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഫെഡറലിന്റെ ലക്ഷ്യം ഇൻഫ്ലേഷൻ നിരക്ക് 2 ശതമാനത്തിൽ നിലനിർത്തുക എന്നതാണ്. പുതിയ ഫെഡ് ഗവർണറായ കെവിൻ വാർഷിന്റെ നേതൃത്വത്തിൽ അടുത്ത ആഴ്ച നടക്കുന്ന യോഗത്തിൽ പലിശ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലവിൽ 3.5 ശതമാനം മുതൽ 3.75 ശതമാനം വരെയുള്ള പലിശ നിരക്കിൽ പെട്ടെന്നൊരു മാറ്റമുണ്ടാകില്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുമ്പോൾ, വിപണിയിലെ തൊഴിൽ സാഹചര്യങ്ങളും വിലക്കയറ്റവും കണക്കിലെടുത്ത് പലിശ നിരക്ക് ഉയർത്തുകയല്ലാതെ മറ്റ് മാർഗ മില്ലെന്നാണ് വെൽത്ത് ക്ലബ്ബിലെ ഐസക് സ്റ്റെൽ ഉൾപ്പെടെയുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.









0 comments