370 രൂപയുടെ ബിരിയാണി വിവാദം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ജോലി പോയ ഹിമാൻഷു ജാഗ്ര
ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പരസ്യമായി സ്ത്രീവിരുദ്ധതയും അതിക്രമവും വിളമ്പിയ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും വെബ് ഡെവലപ്പറുമായ ഹിമാൻഷു ജാഗ്രയെന്ന (23) യുവാവിനെയാണ് ഗുഡ്ഗാവിലെ ‘സ്റ്റാർവിക് ഡിസൈൻ’ എന്ന കമ്പനി പിരിച്ചുവിട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചയാൾക്കൊപ്പം ചേർന്നുപ്രവർത്തിക്കാനാകില്ലെന്ന് കമ്പനി ഉടമ വിവേക് വിശ്വകർമ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണീത് മോറെയുടെ പരിപാടിക്കിടെയായിരുന്നു ഹിമാൻഷുവിന്റെ വിവാദ പരാമർശം. ഡേറ്റിങ് അനുഭവം പങ്കുവെക്കാനുള്ള അവതാരകന്റെ ആവശ്യപ്രകാരമാണ് യുവാവ് ക്രൂരമായ അതിക്രമം തമാശയെന്നോണം വിളിച്ചുപറഞ്ഞത്. പെൺകുട്ടിക്ക് 370 രൂപയുടെ ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും, ഇതിന് പകരമായി ലൈംഗികത പ്രതീക്ഷിച്ചുവെന്നുമാണ് ഇയാൾ സദസ്സിനു മുന്നിൽ പറഞ്ഞത്.
പെൺകുട്ടിയുടെ താല്പര്യമില്ലായ്മ അവഗണിച്ച് ഇരുട്ട് നിറഞ്ഞ പാർക്കിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയെന്നും, താൻ ചിലവാക്കിയ പണം മുതലാക്കാൻ ബലമായി ചുംബിച്ചെന്നും ഇയാൾ വെളിപ്പെടുത്തി. വീട്ടിലെത്തിയ ശേഷം '370 രൂപ ഞാൻ ചിലവാക്കി, അത് ഞാൻ മുതലാക്കും' എന്ന് പെൺകുട്ടിയോട് പറഞ്ഞതായും ഇയാൾ കൂട്ടിച്ചേർത്തു.
ഒരു സ്ത്രീയുടെ ശരീരത്തിന്മേൽ 370 രൂപയ്ക്ക് അവകാശം സ്ഥാപിക്കാമെന്ന അതിക്രമ ചിന്താഗതിയാണ് യുവാവ് പങ്കുവെച്ചത്. അക്രമം തമാശയെന്നോണം അവതരിപ്പിച്ച വീഡിയോ സബ്ടൈറ്റിലുകൾ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൊമേഡിയൻ പ്രണീത് മോറെയ്‌ക്കെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്.









0 comments