കൊച്ചിയിൽ മൂന്നുപേർക്ക് ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് 'അൽ റീം' റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക്

കൊച്ചി: നഗരത്തിൽ മൂന്നുപേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊച്ചിയിലെ പ്രമുഖ ബിരിയാണി-മന്തി ഹോട്ടലായ 'അൽ റീം' റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധിപ്പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനകളിലാണ് രോഗകാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്.
ഈ മാസം 10-ാം തീയതി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആദ്യമായി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച മുതൽ പത്തോളം പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തുകയും തുടർന്ന് സ്ഥാപനം താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു.
നിയമലംഘനം ബോധ്യപ്പെട്ടതിനെ തുടർന്ന് ഹോട്ടലിന്റെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.










0 comments