ഷിഗെല്ല: നെന്മേനിയിലെ സ്കൂളുകൾ ഇന്ന് മുതൽ തുറക്കും; ബസേലിയോസ് സ്കൂളിന് 21 വരെ അവധി തുടരും

പ്രതീകാത്മക ചിത്രം
കൽപ്പറ്റ: ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അടച്ചിട്ടിരുന്ന വയനാട് നെന്മേനി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾ ഇന്ന് (ജൂൺ 18) മുതൽ തുറന്നു പ്രവർത്തിക്കും. എന്നാൽ രോഗബാധ റിപ്പോർട്ട് ചെയ്ത കോളിയാടി മാർ ബസേലിയോസ് എ യു പി സ്കൂളിന് ജൂൺ 21 വരെ അവധി തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കർശനമായ മുൻകരുതലുകളോടെയാണ് വിദ്യാലയങ്ങൾ തുറക്കുന്നത്. ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കുട്ടികൾക്ക് നൽകുന്ന ഭക്ഷണം പാകം ചെയ്യാനും കുടിവെള്ള ആവശ്യങ്ങൾക്കും തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് കലക്ടർ കർശന നിർദ്ദേശം നൽകി.
വിദ്യാലയങ്ങളിലെ വാട്ടർ ടാങ്കുകളും മറ്റ് ജലസംഭരണികളും ദിവസേന വൃത്തിയാക്കി ക്ലോറിനേഷൻ നടത്തണം. ചീരാൽ ഹയർ സെക്കൻഡറി സ്കൂളിൽ ജലനിധി പദ്ധതി വഴിയുള്ള കുടിവെള്ളം കൃത്യമായി പരിശോധിച്ച് മലിനീകരണമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവിലുണ്ട്.
കുട്ടികൾ വീടുകളിൽ നിന്ന് നിർബന്ധമായും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കൊണ്ടുവരാവൂ എന്ന് സ്കൂൾ അധികൃതർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകണം. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും മുന്നോട്ടുവെച്ച മുൻകരുതൽ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നതെന്ന് സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും കലക്ടർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.









0 comments