കത്ത് ചോർത്തിയെന്നത് സംശയംമാത്രം ; എം വി ഗോവിന്ദൻ എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന നേതാവ്
വിവാദത്തിനുപിന്നിൽ കുടുംബപ്രശ്നംതന്നെ ; പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് ഷെർഷാദ്

തിരുവനന്തപുരം
സിപിഐ എമ്മിനെയും പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിവാദം വെറും പുകമറയെന്ന് സമ്മതിച്ച് ചെന്നൈയിലെ വ്യവസായി ബി മുഹമ്മദ് ഷെർഷാദ്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച ഷെർഷാദിന് എം വി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസിന്റെ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വിവാദത്തിന് പിന്നിൽ കുടുംബ പ്രശ്നം തന്നെയെന്ന വസ്‌തുത അംഗീകരിക്കുന്നതാണ് ഷെർഷാദിന്റെ മറുപടി.
കത്ത് ചോർത്തിയെന്നത് സംശയം മാത്രമാണെന്ന് ഷെർഷാദ് പറഞ്ഞു. ‘എം വി ഗോവിന്ദൻ എല്ലാവരാലും സ്നേഹിക്കപ്പെടുന്ന നേതാവാണ്. ഒരിക്കലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. സമാന വിഷയങ്ങൾ മുമ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയായപ്പോൾ നിരുപാധികം മാപ്പ് പറഞ്ഞ് ഖേദം രേഖപ്പെടുത്തിയ വ്യക്തിയാണ് ഞാൻ– ഷെർഷാദിന്റെ മറുപടിയിൽ പറയുന്നു.
പാർടി രഹസ്യരേഖ തന്റെ മകൻ ചോർത്തി എന്നതടക്കമുള്ള പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെ അപഹസിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് എം വി ഗോവിന്ദൻ വ്യക്‌തമാക്കിയിരുന്നു. മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച ഷെർഷാദിന്റെ ഉദ്ധരണി ഉൾപ്പെടെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. പൊളിറ്റ് ബ്യൂറോയ്ക്ക് നൽകിയ പരാതി മകൻ ചോർത്തിയെന്നാണ് ഷെർഷാദിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വ്യക്തികൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞിട്ടും മാധ്യമങ്ങൾ കഥകൾ മെനഞ്ഞു. ഷർഷാദ് നേരത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറിയോട് മാപ്പപേക്ഷിച്ച് അയച്ച കത്തും പുറത്തുവന്നിരുന്നു.










0 comments