“തരൂരിന് ശ്വാസം മുട്ടുന്നു എങ്കിൽ ഒരു വഴി സ്വീകരിക്കുക”- കെ മുരളീധരൻ

തിരുവനന്തപുരം: ശശി തരൂരിന് പാര്‍ട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നുണ്ടെങ്കിൽ ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
തരൂര്‍ വിഷയം ഇനിയും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയം വീണ്ടും വീണ്ടും ചര്‍ച്ചയാക്കുന്നത് നല്ല കാര്യമായി തോന്നുന്നില്ല. കോണ്‍ഗ്രസ് നേതാക്കന്മാരെ ഒഴികെ മറ്റെല്ലാവരേയും അദ്ദേഹം സ്തുതിക്കാറുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിയില്ല, എന്നും മുരളീധരന്‍ പറഞ്ഞു.
അഭിപ്രായവ്യത്യാസം ഉള്ള വിഷയങ്ങള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. നമ്മുടെ എല്ലാ അഭിപ്രായങ്ങളും പാര്‍ട്ടി സ്വീകരിച്ചുകൊള്ളണം എന്നില്ല. ഇതൊന്നുമല്ല പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്ന അവസ്ഥായണെങ്കിൽ, തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നാണ് തോന്നുന്നതെങ്കില്‍, പാര്‍ട്ടി ഏല്‍പിച്ച സ്ഥാനങ്ങള്‍ തിരികെ ഏല്‍പിച്ച് ഇഷ്ടമുള്ള ഒരു രാഷ്ട്രീയ ലൈന്‍ സ്വീകരിക്കുക,' മുരളീധരന്‍ പറഞ്ഞു.
രണ്ട് മാര്‍ഗങ്ങളില്‍ ഒന്ന് സ്വീകരിക്കണം എന്നാണ് സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തോട് പറയാനുള്ളത്. ഇത് രണ്ടുമല്ലാതെ, ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗവുമായി മുന്നോട്ട് പോകാനാണ് അദ്ദേഹം തീരുമാനിക്കുന്നതെങ്കില്‍ ഭാവിയില്‍ പാര്‍ട്ടിക്കും തരൂരിനും അതൊരു ബുദ്ധിമുട്ടായി മാറും – കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം വീണ്ടും ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. 'ദി ഹിന്ദു' പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ മോദിയെ പ്രശംസിച്ചു. പിന്നാലെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെയ്ക്കുകയും ചെയ്ത സംഭവം ഉണ്ടായി.









0 comments