സംസാരിക്കുന്നത് കേരളത്തിനുവേണ്ടി; നിലപാടിലുറച്ച് ശശി തരൂർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിയെ പ്രശംസിച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ഉറച്ച് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി. കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നതും എഴുതുന്നതും. കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് ലേഖനമെന്നും തരൂർ പറഞ്ഞു.
'എഴുതിയ കാര്യങ്ങൾക്ക് അടിസ്ഥാനമായ വിവരങ്ങൾ എവിടെനിന്ന് ലഭിച്ചുവെന്ന് ലേഖനത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലോബൽ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇതുരണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ ഡേറ്റ കിട്ടിയാൽ ഞാൻ സുഖമായിട്ട് മാറ്റാം. കേരളത്തിനുവേണ്ടി മാത്രമാണ് എഴുതുന്നതും സംസാരിക്കുന്നതും'- ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ശശി തരൂരിന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ല. വ്യാവസായികവളർച്ചയിൽ തരൂർ പറഞ്ഞത് ചില അർദ്ധസത്യങ്ങളുണ്ടെന്ന ബോധ്യത്തിലാണ്. എന്നാൽ പൂർണ്ണ അർത്ഥത്തിലല്ല. ഇത് പാർടിക്ക് വലിയ ക്ഷീണുണ്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'തരൂരിന്റെ പ്രസ്താവന ചിലർ വ്യാഖ്യാനിച്ച വലുതാക്കി. നേതാക്കളിൽ വ്യത്യസ്തമായ സ്വഭാവമുള്ള ആളുകൾ ഉണ്ടാകും. അവർ അതിനനുസരിച്ച് പ്രതികരിക്കും'- പ്രതിപക്ഷനേതാവിന്റെ പേരെടുത്തു പറയാതെ സുധാകരൻ പറഞ്ഞു.
സംസ്ഥാനത്തിൻറെ വളർച്ച സംബന്ധിച്ച് തരൂരിനറിയില്ലെന്നും പഠിപ്പിക്കുമെന്നുമായിരുന്നു വിഡി സതീശൻ നേരത്തെ പറഞ്ഞത്. തരൂരിൻറെ ലേഖനവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് വെട്ടിലായതിന് പിന്നാലെയാണ് തരൂരിന് കേരളത്തെ കുറിച്ച് ക്ലാസെടുക്കാൻ സതീശനും കോൺഗ്രസും തുടക്കമിട്ടത്. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച ‘ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തിലാണ് കണക്കുകൾ ഉദ്ധരിച്ച് പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ വ്യവസായ കുതിച്ചുചാട്ടത്തെ തരൂർ വിവരിച്ചത്.
സ്റ്റാർട്ടപ്പ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ എന്നിവ തരൂർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.









0 comments