പരാതികൾ പാര്‍ടിയിൽ പറയും ; അതൃപ്തി തള്ളാതെ തരൂർ
print edition ഹൈക്കമാൻഡിനെ വീണ്ടും വെല്ലുവിളിച്ച് ശശി തരൂർ

ന്യൂഡൽഹി
ഓപ്പറേഷൻ സിന്ദൂറിൽ കോൺഗ്രസിന്റെ ഒൗദ്യോഗിക നിലപാടിനെ ആവർത്തിച്ച് തള്ളി ഹൈക്കമാൻഡിനോട് വീണ്ടും യുദ്ധപ്രഖ്യാപനവുമായി പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി. തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ ഹൈക്കമാൻഡ് വിളിച്ചുചേർത്ത കേരളത്തിലെ നേതാക്കളുടെ യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് വീണ്ടും പരസ്യപ്രതികരണവുമായി തരൂർ രംഗത്തെത്തിയത്.
ബിജെപി വോട്ടുകളിലേക്കുള്ള പാലമായി തരൂരിനെ കാണുന്ന കോൺഗ്രസിന്റെ കേരള ഘടകം പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുമ്പോഴും ഹൈക്കമാൻഡിനോട് തിരുവനന്തപുരം എംപി ഏറ്റുമുട്ടുകയാണ്. കഴിഞ്ഞയാഴ്‌ച കൊച്ചിയിലെ യോഗത്തിൽ രാഹുൽഗാന്ധി അവഗണിച്ചതാണ് തരൂരിനെ ക്ഷുഭിതനാക്കിയത്.
അമേരിക്കയുടെ സമ്മർദത്തെതുടർന്ന് മോദി സർക്കാർ വെടിനിർത്തലിന് വഴങ്ങിയെന്ന നിലപാടാണ് ഓപ്പറേഷൻ സിന്ദൂറിൽ കോൺഗ്രസ് ഒൗദ്യോഗികമായി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, മൂന്നാംകക്ഷി ഇടപെടലിനെ തുടർന്നല്ല വെടിനിർത്തല്ലെന്നാണ് തരൂരിന്റെ വാദം. ഭീകരതാവളങ്ങൾ ആക്രമിച്ച് ലക്ഷ്യം പൂർത്തിയാക്കിയശേഷം, പാകിസ്ഥാന്റെ അഭ്യർഥന മാനിച്ച് വെടിനിർത്തിയെന്ന ബിജെപി നിലപാടാണ് തരൂരിനും. മോദി സർക്കാരിന്റെ പ്രതിനിധിയായി എംപിമാരുടെ സംഘത്തെ നയിച്ച് വിദേശരാജ്യങ്ങൾ സന്ദർശിച്ച ഘട്ടത്തിൽ തരൂർ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞിരുന്നു. കോൺഗ്രസ് നിലപാടിനെ പരസ്യമായി തള്ളുകയും ചെയ്‌തു.
പരാതികൾ പാര്‍ടിയിൽ പറയും ; അതൃപ്തി തള്ളാതെ തരൂർ
കോൺഗ്രസ് നേതൃത്വവുമായി അതൃപ്തിയിലാണെന്ന വാര്‍ത്ത തള്ളാതെ ശശി തരൂര്‍ എംപി. പറയാനുള്ളത് പാർടി നേതൃത്വത്തോട് നേരിട്ട് പറയുമെന്നും മാധ്യമങ്ങളിൽ വന്നതിൽ ചിലത് ശരിയും ചിലത് തെറ്റുമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ചര്‍ച്ചയിൽനിന്ന് വിട്ടുനിന്നതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരൂർ. പങ്കെടുക്കില്ലെന്ന് പാർടിയെ നേരത്തെ അറിയിച്ചിരുന്നു. എറണാകുളത്ത് രാഹുൽ ഗാന്ധി പങ്കെടുത്തുനടന്ന മഹാപഞ്ചായത്ത് പരിപാടിയിലെ വിവാദത്തെക്കുറിച്ച് ഒന്നും പറയാനില്ല. തന്റെ പുസ്തകം കോഴിക്കോട് നടക്കുന്ന പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കണമെന്നായിരുന്നു ആഗ്രഹമെന്നും തരൂര്‍ പറഞ്ഞു.
എറണാകുളത്ത് രാഹുൽ ഗാന്ധി എംപി പങ്കെടുത്ത മഹാപഞ്ചായത്തിൽ താൻ അപമാനിക്കപ്പെട്ടെന്ന് തരൂരിന് പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞദിവസം ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽനിന്ന് വിട്ടുനിന്നത്.










0 comments