ജിഎസ്ടി ഏശിയില്ല ; ഓഹരിവിപണി മൂന്നാംദിനവും നഷ്ടത്തിൽ

വാണിജ്യകാര്യ ലേഖകന്‍
Published on Sep 25, 2025, 01:54 AM | 1 min read
കൊച്ചി
ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായുള്ള കേന്ദ്രത്തിന്റെ അവകാശവാദങ്ങളിലും തിരിച്ചുകയറാനാകാതെ ഓഹരിവിപണി. സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ബുധനാഴ്ചയും നഷ്ടം നേരിട്ടു. സെന്‍സെക്സ് 386.47 പോയിന്റ് (0.47 ശതമാനം) നഷ്ടത്തില്‍ 81715.63ലും നിഫ്റ്റി 112.60 പോയിന്റ് (0.45 ശതമാനം) താഴ്ന്ന് 25056.90ലും വ്യാപാരം അവസാനിപ്പിച്ചു.
ജിഎസ്ടി സ്ലാബ് മാറ്റം വിപണി ആവേശത്തോടെ ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, മാറ്റം പ്രാബല്യത്തില്‍ വന്നശേഷം തുടര്‍ച്ചയായി മൂന്നാംദിവസവും നഷ്ടം നേരിട്ടു. തിങ്കളാഴ്ച സെന്‍സെക്സ് 466 പോയിന്റും ചൊവ്വാഴ്‌ച 57.87 പോയിന്റും നഷ്ടത്തിലായി. ജിഎസ്ടി മാറ്റം നിലവില്‍വരുന്നതിനുമുമ്പ് വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇന്ത്യന്‍ വിപണിയില്‍നിന്ന് 757.43 കോടിയുടെ ഓഹരികള്‍ വാങ്ങിയ വിദേശ നിക്ഷേപകര്‍ തിങ്കളാഴ്‌ച 2910.09 കോടിയുടെയും ചൊവ്വാഴ്‌ച 3551.19 കോടിയുടെയും നിക്ഷേപം പിന്‍വലിച്ചു. യുഎസ് പ്രസിഡന്റ് എച്ച്-1 ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ചതിന്റെ ആഘാതവും വിപണിയുടെ തളർച്ചയ്‌ക്ക് കാരണമായി.
സെന്‍സെക്സ് 185 പോയിന്റിലധികം താഴ്ന്നാണ് ബുധനാഴ്‌ച വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 494.26 പോയിന്റ് നഷ്ടത്തില്‍ 81,607.84ലേക്ക് താഴ്ന്നു. 60.75 പോയിന്റ് നഷ്ടത്തില്‍ തുടങ്ങിയ നിഫ്റ്റി 142.5 പോയിന്റ് നഷ്ടത്തില്‍ 25,027.45 വരെ ഇറങ്ങി. ബിഎസ്ഇ ഓട്ടോ സൂചിക 1.06 ശതമാനവും മെറ്റല്‍ 0.71 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 0.60 ശതമാനവും നഷ്ടത്തിലായി. ടാറ്റാ മോട്ടോഴ്‌സ് ഓഹരിക്കാണ് ഏറ്റവുമധികം നഷ്ടം (2.67 ശതമാനം). ഭാരത് ഇലക്ട്രോണിക്സ് 2.24 ശതമാനവും അള്‍ട്രാടെക് സിമന്റ് 1.52 ശതമാനവും നഷ്ടത്തിലായി. ടെക് മഹീന്ദ്ര (1.30), അദാനി പോര്‍ട്സ് (0.69), റിലയന്‍സ് (0.47), എസ്ബിഐ (0.53) എന്നിവയാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച മറ്റ് പ്രധാന ഓഹരികള്‍.
ഇന്റര്‍ബാങ്ക് ഫോറെക്സ് വിപണിയില്‍ ചൊവ്വാഴ്‌ച അമേരിക്കന്‍ ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട രൂപ, ബുധനാഴ്‌ച ഏഴ് പൈസ നേട്ടത്തില്‍ 88.69ൽ വ്യാപാരം അവസാനിപ്പിച്ചു.









0 comments