print edition ഷാനിമോൾ ഉസ്മാൻ നടത്തിയ 100 കോടിയുടെ ഫ്ലാറ്റ് തട്ടിപ്പ്; കർണാടക മന്ത്രി കെ ജെ ജോർജിന്റെ സഹായത്തോടെയെന്ന് നിക്ഷേപകർ

ഫ്ലാറ്റ് സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഷാനിമോൾ ഉസ്മാനും കുടുംബത്തിനുമൊപ്പം മന്ത്രി കെ ജെ ജോർജ് എത്തിയപ്പോൾ

സ്വന്തം ലേഖകൻ
Published on Mar 18, 2026, 12:00 AM | 2 min read
തിരുവനന്തപുരം : കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ബംഗളൂരുവിലെ 100 കോടിരൂപ വിലയുള്ള ക്രൗൺ പ്ലാസ ഫ്ലാറ്റ് സമുച്ചയം തട്ടിയെടുത്തത് കർണാടക മന്ത്രി കെ ജെ ജോർജ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ സഹായത്തോടെയെന്ന് നിക്ഷേപകർ. തട്ടിപ്പിനിരയായവർ ഫ്ലാറ്റിൽ പ്രവേശിക്കാതിരിക്കാൻ ആലപ്പുഴ സ്വദേശി ടോം എന്നയാളുടെ നേതൃത്വത്തിൽ ഗുണ്ടാസംഘം കാവലുണ്ട്. കർണാടക ആഭ്യന്തര മന്ത്രിക്കും പൊലീസിലും പലതവണ പരാതി നൽകിയിട്ടും കോടതി ഉത്തരവുണ്ടായിട്ടും ഇടപെട്ടിട്ടില്ലെന്നും നിക്ഷേപകർ പറയുന്നു.
കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സമാന തട്ടിപ്പുകൾ വേറെയുമുണ്ടെന്നും ഇവർ പറയുന്നു. മലയാളികൾ ഉൾപ്പെടെ അറുപതോളംപേരുടെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ കല്യാൺ നഗർ ക്രൗൺ പ്ലാസ ഫ്ലാറ്റ് സമുച്ചയത്തിൽ 215 സർവീസ് അപ്പാർട്ട്മെന്റാണുള്ളത്. ഇവ ദിവസ വാടകയ്ക്കാണ് നൽകിയത്.
പ്രവാസി മലയാളിയായ ജോസഫ് ചാക്കോയുടെ പേരിലുള്ള 21 സർവീസ് അപ്പാർട്ട്മെന്റാണ് ഷാനിമോൾ ഉസ്മാൻ മരുമകനായ ഷാനസ് ഷാജഹാന്റെ പേരിലാക്കി ആദ്യം തട്ടിയെടുത്തത്. പിന്നീട് ഗുണ്ടകളെ ഉപയോഗിച്ച് മറ്റ് ഫ്ലാറ്റുകളും കൈക്കലാക്കി. മലയാളിയായ കെ ജെ ജോർജ് കർണാടകത്തിൽ ഉന്നതസ്വാധീനമുള്ള മുതിർന്ന കോൺഗ്രസ് നേതാവും നിലവിൽ വൈദ്യുതി മന്ത്രിയുമാണ്.
അരൂർ എംഎൽഎയായിരിക്കെയാണ് ഷാനിമോൾ ഉസ്മാൻ പ്രവാസി മലയാളിയായ ജോസഫ് ചാക്കോയെ പരിചയപ്പെട്ടതെന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്. അന്ന് എഐസിസി സെക്രട്ടറിയായിരിക്കെ ഷാനിമോൾ ഉസ്മാന് കർണാടകത്തിൽ കോൺഗ്രസിന്റെ ചുമതലയുമുണ്ടായിരുന്നു. ഷാനിമോൾ പലതവണ സാമ്പത്തിക സഹായം ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തെന്ന് ജോസഫ് ചാക്കോ പറയുന്നു. അവരുടെ ആവശ്യപ്രകാരം ഒരു ടോയോട്ട ഇന്നോവ വാഹനവും കേരളത്തിൽ എത്തിച്ചു നൽകി. 2022 ആഗസ്തിൽ ഷാനിമോൾ ഉസ്മാനും ഭർത്താവ് ഉസ്മാനും ജോസഫ് ചാക്കോയെ ആലപ്പുഴയിൽ അവരുടെ വസതിയിലേക്ക് ക്ഷണിച്ചു. മരുമകനായ ഷാനസ് ഷാജഹാന് ഫ്ലാറ്റുകൾ നോക്കി നടത്താൻ ഏൽപ്പിക്കണമെന്നും അവിടെവച്ച് അഭ്യർഥിച്ചു.
മാസം 1,25,000 രൂപവച്ച് ജോസഫ് ചാക്കോയ്ക്ക് നൽകാമെന്ന ധാരണയിൽ ഷാനസ് ഷാജഹാന് 21 അപ്പാർട്‌മെന്റ് നടത്താനുള്ള കരാർ എഴുതിനൽകി. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് വിട്ടുനൽകിയില്ല. വാടകയും നൽകിയില്ല. പിന്നാലെ സ്ഥലം കൈയേറി വ്യാജരേഖയുണ്ടാക്കി ഫ്ലാറ്റ് സമുച്ചയത്തിന്റെ പേര് സീക്ക് ഹോട്ടൽസ് എന്നാക്കി മാറ്റി. ഇതിനിടെ കെ ജെ ജോർജിനെ ഫ്ലാറ്റ് സമുച്ചയത്തിൽ എത്തിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഉന്നത സ്വാധീനമുള്ളതിനാൽ ഫ്ലാറ്റ് ഉടമകൾക്ക് പരാതി നൽകാൻ ഭയമായിരുന്നു. കഴിഞ്ഞ വർഷം ആഗസ്ത് 11 ന് നിക്ഷേപകർ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്കും റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർക്കും ഹെന്നൂർ പോലീസ് സ്റ്റേഷനും പരാതി നൽകി. ഒരു നടപടിയുമുണ്ടായില്ല. ഒടുവിൽ ചിലർ ചെറിയ വിലയ്ക്ക് ഫ്ലാറ്റുകൾ വിറ്റുവെന്നും ഇവർ പറയുന്നു.










0 comments