തട്ടിയെടുത്ത ഫ്‌ളാറ്റുകൾ തിരികെ നൽകണം :കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്‌മാന്റെ വീട്ടിലേക്ക് പ്രവാസി നിക്ഷേപകരുടെ മാർച്ച്

ആലപ്പുഴ: തട്ടിയെടുത്ത ഫ്‌ളാറ്റുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്‌മാന്റെ വീട്ടിലേക്ക് പ്രവാസി നിക്ഷേപകർ മാർച്ച് നടത്തി. ഫ്‌ളാറ്റുകൾ വിട്ടുതരാൻ തയ്യാറായില്ലെങ്കിൽ ഷാനിമോൾ ഉസ്‌മാന്റെ വീടിനുമുന്നിൽ മരണം വരെയും സത്യഗ്രഹം നടത്തുമെന്നും അവർ മത്സരിക്കുകയാണെങ്കിൽ മണ്ഡലത്തിൽ പോയി നിരാഹാരം കിടക്കുമെന്നും നിക്ഷേപകർ പറഞ്ഞു.
വിദേശത്ത് വളരെക്കാലം ജോലി ചെയ്‌ത് സമ്പാദിച്ച പണം ഉപയോഗിച്ച് നിർമിച്ച 100 കോടി രൂപ വിലമതിക്കുന്ന ഹോട്ടൽ ക്രൗൺ പ്ലാസ ഇന്റർനാഷണൽ ഫ്‌ളാറ്റ് സമുച്ചയമാണ് ഷാനിമോൾ മകളുടെയും മരുമകന്റെയും പേരിൽ അനധികൃതമായി കൈവശപ്പെടുത്തിയതെന്ന് നിക്ഷേപകർ പറഞ്ഞു. ഉടമകളായ പ്രവാസികളെ ഗുണ്ടകളെ ഉപയോഗിച്ചും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തുകയാണ്. 215 സർവീസ് അപ്പാർട്ട്‌മെന്റുകളിൽ 20 എണ്ണത്തിന്റെ നടത്തിപ്പിന് 2023 ൽ കരാർ എഴുതി. 11 മാസത്തെ കാലാവധി കഴിഞ്ഞിട്ടും വിട്ടുനൽകിയില്ല. 1,25,000 രൂപ മാസം നൽകാമെന്ന് സമ്മതിച്ചാണ് ഫ്‌ളാറ്റിലെ റസ്‌റ്റോറന്റ് വാടകയ്‌ക്ക് നൽകിയത്.
എന്നാൽ വാടകയിനത്തിലും പണം നൽകിയില്ല. സ്ഥലം കൈയേറി ‘സീക്ക് ഹോട്ടൽസ്’ എന്ന ബോർഡ് സ്ഥാപിച്ച് ഉടമസ്ഥാവകാശം കൈക്കലാക്കി. വ്യാജരേഖയുണ്ടാക്കിയാണ് കൈയേറിയത്. ഉടമകളായ പ്രവാസികളെ ഫ്‌ളാറ്റിലേക്ക് കയറാൻ അനുവദിക്കുന്നില്ലെന്നും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും നിക്ഷേപകർ പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
രാവിലെ 10.30 ഓടെ കലക്‌ടറേറ്റിന് മുന്നിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. ഷാനിമോൾ ഉസ്‌മാന്റെ വീടിന് മുന്നിലേക്ക് എത്തുന്നതിനുമുന്പായി പൊലീസ് തടഞ്ഞു. തുടർന്ന് നിക്ഷേപകർ ധർണ നടത്തിയാണ് പിരിഞ്ഞത്. നിക്ഷേപകരായ കെ സി ഫിലിപ്പ്, ജോയ് പ്രസാദ്, ജോർജി ജോൺ, അഹമ്മദ് മുല്ല, നോബിൾ മാത്യു, ജോസഫ് അരൂജ എന്നിവർ സംസാരിച്ചു.










0 comments