ad
Deshabhimani

'വികസനം പറയാനില്ലാത്തവർ വർഗീയ കാർഡ് ഇറക്കുന്നു'; ലീഗിന്റെ വിദ്വേഷ പ്രചാരണത്തിന് മറുപടിയുമായി ഷാനവാസ് പാദൂർ

Shanavas Padoor.jpg

ഷാനവാസ് പാദൂർ(ഇടത്), ആയിഷത്ത് ഫർസാന(വലത്)

വെബ് ഡെസ്ക്

Published on Apr 05, 2026, 11:39 AM | 2 min read

കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിൽ തനിക്കെതിരെ മുസ്ലിം ലീഗ് നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂർ. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വർഗീയ കാർഡ് ഇറക്കി വോട്ട് പിടിക്കുന്നത് ലീഗിന്റെ സ്ഥിരം രീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


തന്നെ 'മുനാഫിഖ്' (കപട വിശ്വാസി) എന്ന് അധിക്ഷേപിച്ച വനിതാ ലീഗ് നേതാവിന്റെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ വികസന കാര്യങ്ങൾ പറയാനില്ലാത്തതുകൊണ്ടാണ് ലീഗ് വിദ്വേഷ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. ആദ്യം അവർ ഡീൽ ആരോപിച്ചു, അത് പരാജയപ്പെട്ടപ്പോൾ ഇപ്പോൾ വർഗീയ കാർഡ് ഇറക്കുന്നു.


കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും എൽഡിഎഫ്‌ സ്ഥാനാർഥി ഷാനവാസ് പാദൂർ പറഞ്ഞു. പൂർണ മതവിശ്വാസിയായതന്നെ ലക്ഷ്യമിട്ട്‌ തകർക്കാനാണ്‌ ബോധപൂർവമായ ശ്രമം. നേരത്തെ ബിജെപി ഏജന്റെന്ന പ്രചാരണമുണ്ടായി. തീവ്രപരാമർശങ്ങളടങ്ങിയ കുറിപ്പുകൾ പ്രസംഗത്തിനായി തയ്യാറാക്കിക്കൊടുക്കുന്നു.


നിരവധി കുടുംബ യോഗങ്ങളിൽ വിദ്വേഷ പരാമർശം നടത്തിയിട്ടുണ്ട്‌. പ്രചാരണത്തിന്റെ തുടക്കംമുതൽ ഇത്തരം പരാമർശങ്ങൾ യുഡിഎഫ്‌ കേന്ദ്രങ്ങൾ നടത്തുന്നുണ്ട്‌. ഒരിസ്ലാംമതവിശ്വാസിയും ഉപയോഗിക്കാൻ പാടില്ലാത്ത പരാമർശമാണ്‌ നടത്തിയത്‌. നല്ല നേതാക്കൾ മുസ്ലിംലീഗിലുണ്ട്‌.


എന്നാൽ തീവ്രത കൂടിയവരാണ്‌ ഇത്തരം പരാർശങ്ങളടങ്ങിയ പ്രസംഗം തയ്യാറാക്കിനൽകുന്നത്‌. എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരെ മാത്രമാണ്‌ യുഡിഎഫ്‌ ഇത്തരം പ്രചാരണം. ബിജെപിക്കെതിരെ ഒന്നും മിണ്ടുന്നില്ല. മുസ്ലിം മതവിശ്വാസികൾ എന്തായാലും ഇത്തരം വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിക്കും.


കാസർകോട്‌ മണ്ഡലത്തിലെ വികസനത്തെക്കുറിച്ച്‌ യുഡിഎഫ്‌ മണ്ഡലത്തിൽ പറയാൻ തയ്യാറാകുന്നില്ല. അന്പതുവർഷമായി മണ്ഡലത്തിലെ വികസന മുരടിപ്പെറിയുന്നവർ എൽഡിഎഫിന്‌ വോട്ടുചെയ്യുമെന്നും ഷാനവാസ്‌ പറഞ്ഞു.


ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവരുടെ ശ്രമം. വരും ദിവസങ്ങളിലും ഇത്തരം തറവേലകൾ ലീഗ് തുടരും. എന്നാൽ ഇത്തവണ കാസർകോട്ടുകാരെ കബളിപ്പിക്കാൻ ഇവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിൽ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന നടത്തിയ പ്രസംഗത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.


സ്ഥാനാർത്ഥിയുടെ ഇലക്ഷൻ ഏജന്റ് കെ എ മുഹമ്മദ് ഹനീഫാണ് പരാതി നൽകിയത്. സാമുദായിക ധ്രുവീകരണമുണ്ടാക്കാനും മതസ്പർദ്ധ വളർത്താനുമാണ് ലീഗ് നേതാവ് ശ്രമിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 'മുനാഫിഖ്' എന്ന അറബി വാക്ക് മനപ്പൂർവ്വം സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ഉപയോഗിച്ചത്.


വോട്ട് നേടുന്നതിനായി സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുകയും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുകയും ചെയ്ത ആയിഷത്ത് ഫർസാനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. എൽഡിഎഫിന്റെ മുന്നേറ്റത്തിൽ വിറളിപൂണ്ടാണ് യുഡിഎഫ് ഇത്തരം നീചമായ പ്രചാരണങ്ങളിലേക്ക് കടക്കുന്നതെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home