ഷാൻ വധക്കേസ്; ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ജാമ്യം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: എസ്ഡിപിഐ പ്രവർത്തകനായിരുന്ന ഷാൻ വധക്കേസിൽ ആർഎസ്എസുകാരായ നാല് പ്രതികൾക്ക് ജാമ്യം നൽകി സുപ്രീം കോടതി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ജാമ്യം അനുവദിച്ചത്. അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നവർക്കാണ് ജാമ്യം. ഈ കേസുമായി ബന്ധപ്പെട്ട് ആർഎസ്എസുകാരായ 9 പേർക്ക് നേരത്തെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ ജാമ്യം നൽകിയ നാലുപേർ ഇതിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവർ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള പ്രതികളാണ്. ഇവർക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഇവർക്ക് ജാമ്യം നൽകുന്നത് സമൂഹത്തിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഇതിനെ എതിർത്തിരുന്നു. ഈ എതിർപ്പ് മറികടന്നാണ് നാലുപേർക്കും ഇപ്പോൾ കോടതി ജാമ്യം നൽകിയത്. കേസിലെ സാക്ഷികളുടെയടക്കം സുരക്ഷാ ഉറപ്പാക്കണം എന്ന കർശന നിർദേശം കോടതി സംസ്ഥാന പോലീസ് സേനയ്ക്ക് നൽകിയിട്ടുണ്ട്. ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ 2021 ഡിസംബർ 18-ന് വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാൻ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രൺജീത് ശ്രീനിവാസൻ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ 15 പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.









0 comments