print edition ഷംല ഹംസ ; തൃത്താലയുടെ സൂപ്പർ ‘ഫാത്തിമ’


അഖില ബാലകൃഷ്ണൻ
Published on Nov 04, 2025, 03:28 AM | 1 min read
പാലക്കാട്
‘‘ഹായ് ഞാനാണ് ഫെമിനിച്ചി ഫാത്തിമ’’– സംസ്ഥാന ചലച്ചിത്ര മേളയിൽ കൈക്കുഞ്ഞുമായെത്തിയ ഷംല ഹംസയെ ചലച്ചിത്രാസ്വാദകർ മറക്കാനിടയില്ല. ഒരു വർഷത്തിനിപ്പുറം കേരളം എക്കാലവും ഓർക്കുന്ന പുരസ്കാരങ്ങളിൽ ഷംലയുടെ പേരും എഴുതിച്ചേർക്കുകയാണ്. പാലക്കാട് തൃത്താലയാണ് ഷംലയുടെ സ്വദേശം.
ടിവിയിൽ മികച്ച നടിയായി ഷംലയുടെ പേര് പറയുമ്പോൾ തൃത്താല ഗവ. ആശുപത്രിക്കു പിന്നിലുള്ള അത്താണിക്കൽ വീട്ടിൽ ഉപ്പ ഹംസയും ഉമ്മ ഫാത്തിമക്കുട്ടിയും പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലായിരുന്നു. ‘‘അംഗീകാരത്തിൽ വളരെയധികം സന്തോഷമുണ്ട്. ചെറുപ്പംതൊട്ടേ അവൾക്ക് കലാരംഗത്ത് താൽപ്പര്യമുണ്ട്. പാട്ടിലാണ് തുടങ്ങിയത്’’– ഹംസ പറഞ്ഞു. തൃശൂർ കലാലയം സിസ്റ്റേഴ്‌സ് ട്രൂപ്പിലെ പാട്ടുകാരനായിരുന്ന ഉപ്പയുടെ പാത പിന്തുടർന്നാണ് ഷംല കലാരംഗത്തെത്തുന്നത്. ഷംല പ്രൊഡക്ഷൻസ് എന്നൊരു ചാനലുണ്ടാക്കി പലരെക്കൊണ്ടും പാടിപ്പിച്ചു. ഗായിക സിതാരയും ഇതിൽ പാടി.
പാട്ടെഴുതാനാണ് ആദ്യസിനിമയുടെ സെറ്റിൽ പോയത്. അത് അഭിനയത്തിലേക്ക് വഴിയൊരുക്കുകയായിരുന്നു. ‘ആയിരത്തൊന്ന് നുണ’കളാണ് ആദ്യ ചിത്രം. അതിന്റെ സ്പോട്ട് എഡിറ്ററായിരുന്നു ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ. യാഥാസ്ഥിതിക കുടുംബത്തിലെ സ്ത്രീകളുടെ കഥ പറയുന്ന, ബഹളങ്ങളില്ലാത്ത ചിത്രത്തിന്റെ കഥ ഷംലയോട് പറയുമ്പോൾ മകൾക്ക് മൂന്നുമാസമായിരുന്നു പ്രായം. കുഞ്ഞിന് ആറുമാസമാകുന്നതുവരെ കാത്തിരുന്നശേഷമാണ് സിനിമ ചിത്രീകരിച്ചത്. പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ മലപ്പുറം മേലാറ്റൂരിൽ ഭർത്താവിന്റെ വീട്ടിലായിരുന്നു ഷംല.
ഭർത്താവ് സാലിഹ് ദുബായിലാണ് ജോലി ചെയ്യുന്നത്. മകൾ ലസിൻ സോയിക്ക് രണ്ടുവയസ്സായി. മൂന്നു സഹോദരങ്ങളുണ്ട്. ഇളയ അനിയൻ ഷാഹിദ് മരയ്ക്കാർ-- സിനിമാമേഖലയിൽ എഡിറ്ററാണ്.









0 comments