'പരാതി നൽകാനില്ല'; പരിശോധിച്ച ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിൽ ഉരുണ്ടുകളിച്ച് ഷാഫിയും രാഹുലും

നിലമ്പൂർ: വാഹനപരിശോധന നടത്തിയ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉരുണ്ടുകളിച്ച് ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും. വെള്ളിയാഴ്ച രാത്രി ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചപ്പോൾ ആക്രോശിച്ച എംപിയും എംഎൽഎയും ശനി രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ തങ്ങൾ പരിശോധന തടഞ്ഞിട്ടില്ലെന്ന് ന്യായീകരിച്ചു. വാഹനത്തിലുണ്ടായിരുന്ന പെട്ടി ഉദ്യോഗസ്ഥർ തുറക്കാതിരുന്നതിനാൽ സ്വാഭാവികമായി പ്രതികരിച്ചുവെന്നാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്.
എംപിയുടെ മുഖത്തേക്ക് ടോർച്ച് അടിച്ച് പുറത്തേക്കിറങ്ങാൻ പറഞ്ഞു. വാഹനത്തിന്റെ ഡിക്കി തുറക്കാനും പെട്ടി പുറത്തുവെക്കാനും ആവശ്യപ്പെട്ടു. ആ പെട്ടി തുറക്കാതെ തങ്ങളെ അപമാനിക്കുകയായിരുന്നുവെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കുന്നില്ലെന്ന് ഷാഫി പറമ്പിലും ആരോപിച്ചു. എന്നാൽ അപമാനിക്കപ്പെട്ടെങ്കിൽ എന്തുകൊണ്ട് പരാതി നൽകുന്നില്ല എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇരുവരും ഒഴിഞ്ഞുമാറി. പരാതി ജനങ്ങൾ കാണുന്നുണ്ടല്ലോ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
എന്നാൽ പെട്ടിയിലുള്ളത് കാണാനാകുമെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ രാഹുലിനോടും ഷാഫിയോടും പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിശോധന നടക്കുന്നതിനിടെ ഭീഷണിയും ആക്രോശവുമായാണ് ഉദ്യോഗസ്ഥർക്കുനേരെ ഇരുവരും പ്രതികരിച്ചത്. സർവീസിനുള്ള പാരിതോഷികം തരാമെന്ന് രാഹൂൽ മാങ്കൂട്ടത്തിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.
അതേസമയം പരിശോധനയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശനി രാവിലെ തന്നെ എംപിമാരായ കെ രാധാകൃഷ്ണന്റെയും അബ്ദുൾ വഹാബിന്റെയും ഒരു മജിസ്ട്രേറ്റിന്റെ വാഹനവും പരിശോധിച്ചു. പരിശോധന സുതാര്യമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നിയമവിധേയമായി എല്ലാവരും പരിശോധനയോട് സഹകരിക്കുകയാണ് വേണ്ടതെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ വാഹനവും പരിശോധിച്ചിരുന്നു. അത്തരം പരിശോധനകൾ നല്ലതാണ്. നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താനും ആർക്കെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും കഴിയും. ഏകപക്ഷീയമായ പരിശോധനകളൊന്നും കേരളത്തിൽ നടക്കില്ല. വാഹനം പരിശോധിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് പ്രയാസമുണ്ടെങ്കിൽ നിയമപരമായി നീങ്ങട്ടെയെന്നും സ്വരാജ് പറഞ്ഞു.
നിലമ്പൂർ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പിൽ എംപിയും രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ എംപിയും എംഎൽഎയും അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.










0 comments