print edition കലിക്കറ്റ് സര്‍വകലാശാലാ കോളേജുകളിലെ എസ്എഫ്ഐ വിജയം; അട്ടിമറി ശ്രമത്തിന് വിദ്യാര്‍ഥികളുടെ മറുപടി


സ്വന്തം ലേഖകൻ
Published on Oct 17, 2026, 01:00 AM | 1 min read
മലപ്പുറം : കലിക്കറ്റ് സര്‍വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയം ജനാധിപത്യരീതികള്‍ അട്ടിമറിക്കുന്ന യുഡിഎസ്എഫ് സഖ്യത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയ മറുപടി. വൈസ് ചാന്‍സലറെയും യുഡിഎഫ് സിന്‍ഡിക്കറ്റിനെയും കൂട്ടുപിടിച്ച് എംഎസ്എഫും കെഎസ്‌യുവും നടത്തുന്ന വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള വിധിയെഴുത്തായി തെരഞ്ഞെടുപ്പുഫലം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രധാന കോളേജുകളിലെല്ലാം എസ്എഫ്ഐ യൂണിയന്‍ നേടി. കാലങ്ങളായി കോട്ടയാക്കിവച്ച കോളേജുകളും യുഡിഎസ്എഫിനെ കൈവിട്ടു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ എംഎസ്എഫും കെഎസ്‌യുവും അട്ടിമറിശ്രമം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തോടെ സിന്‍ഡിക്കറ്റില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതും ഇവര്‍ക്ക് സഹായമായി. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ നയം നിര്‍ബാധം നടപ്പാക്കുന്നതിനാല്‍ എബിവിപിയും മൗനസമ്മതം നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ചില കോളേജുകളില്‍ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. എന്നാല്‍, വൈസ് ചാന്‍സലര്‍ നേരിട്ട് ഇടപെട്ട് ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ റദ്ദാക്കി. ഇതിനെതിരെ നിയമപോരാട്ടത്തിലാണ് എസ്എഫ്ഐ. വോട്ടെടുപ്പ് നടന്ന കോളേജുകളിലാകട്ടെ വിദ്യാര്‍ഥികള്‍ യുഡിഎസ്എഫിനെ കൈവിട്ടു. കോഴിക്കോടും മലപ്പുറത്തും 30 വീതം കോളേജുകളിലും പാലക്കാട് –23, തൃശൂർ –26, വയനാട് –ഏഴ് കോളേജുകളിലും യൂണിയന്‍ എസ്‌എഫ്‌ഐ നേടി.
ഏതുവിധേനയും സര്‍വകലാശാലയാ യൂണിയന്‍ പിടിച്ചെടുക്കണമെന്നാണ് യുഡിഎസ്എഫ് ലക്ഷ്യം. ഇതിനുവേണ്ടിയാണ് ഡിപ്പാര്‍ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (ഡിഎസ്‌യു) തെരഞ്ഞെടുപ്പ് രീതി അട്ടിമറിച്ചത്. യുഡിഎസ്എഫിന്റെ ദീര്‍ഘകാലമായുള്ള ആവശ്യപ്രകാരം ഡിഎസ്‍യു തെരഞ്ഞെടുപ്പില്‍നിന്ന് ഗവേഷകവിദ്യാര്‍ഥികളെ ഒഴിവാക്കി ഉത്തരവിറക്കുകയായിരുന്നു സർവകലാശാല. ഇതിന് കോടതിയിൽനിന്ന് തിരിച്ചടി കിട്ടിയെങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് യുഡിഎസ്‌എഫ്. ഇതിനെതിരെയും നിയമ നടപടി തുടരുകയാണ്.









0 comments