ഐടിഐകളിൽ എസ്എഫ്ഐ വിജയഗാഥ

തിരുവനന്തപുരം: വിദ്യാർഥികളുടെ രാഷ്‌ട്രീയ മനസ്സ് എസ്‌എഫ്‌ഐക്കൊപ്പമെന്ന് അരക്കിട്ട് ഉറപ്പിച്ച് ഐടിഐ തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ ഐടിഐകളിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 103 കോളേജുകളിൽ 87 എണ്ണത്തിലും വിജയിച്ചു. പലയിടങ്ങളിലും കെഎസ്‍യുവിൽ നിന്ന് യൂണിയൻ പിടിച്ചെടുത്തു. കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ എല്ലാ ഐടിഐകളിലും എസ്എഫ്ഐ വിജയിച്ചു.

തിരുവനന്തപുരത്ത് 9 ഐടിഐകളിൽ എട്ടിടത്തും കൊല്ലത്ത് പത്തിൽ ഏഴും നേടി. പത്തനംതിട്ടയിൽ രണ്ട് ഐടിഐകളിലും വിജയിച്ചു. ആലപ്പുഴയിൽ ആറിൽ ആറും കോട്ടയത്ത് നാലിൽ നാലും നേടി. ഇടുക്കിയിൽ ആറിൽ അഞ്ചും എറണാകുളത്ത് ഏഴിൽ ആറും ഇടത്ത് വിജയക്കൊടി പാറിച്ചു. തൃശൂരിൽ എട്ട് കോളേജുകളും നേടി. പാലക്കാട് പത്തിൽ എട്ട്, മലപ്പുറം എട്ടിൽ അഞ്ച്, കോഴിക്കോട് പതിനൊന്നിൽ പത്ത്, വയനാട് മൂന്നിൽ ഒന്ന്, കാസർകോട് ഒമ്പതിൽ ഏഴ് എന്നിങ്ങനെയാണ് വിജയിച്ച ഐടിഐകൾ. കണ്ണൂരിൽ പത്തിൽ പത്തും നേടി. കെഎസ്‍യു - 6, യുഡിഎസ്എഫ് - 6, എബിവിപി - 1, എഐഎസ്എഫ് - 3 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

ആലപ്പുഴയിൽ കായംകുളം, ഹരിപ്പാട് ഐടിഐകൾ കെഎസ്‍യുവിൽ നിന്ന് തിരിച്ചുപിടിച്ചു. ചാലക്കുടി വനിത ഐടിഐയും കണ്ണൂർ പേരാവൂർ ഐടിഐയും എബിവിപിയിൽ നിന്നാണ് തിരിച്ചുപിടിച്ചത്. കൊല്ലം പോരുവഴി ഐടിഐയും ഇടുക്കി കട്ടപ്പന ഐടിഐയും രണ്ട് വർഷത്തിനു ശേഷമാണ് കെഎസ്‍യുവിൽ നിന്ന് തിരിച്ചുപിടിച്ചത്. കോട്ടയം കഞ്ഞിക്കുഴി, കോഴിക്കോട് ബേപ്പൂർ ഐടിഐകളിൽ കെഎസ്‍യുവിൽ നിന്നും പാലക്കാട് മീനാക്ഷിപുരം ഐടിഐ കെവിജെയിൽ നിന്നും മലപ്പുറം അരീക്കോട് ഐടിഐ എംഎസ്എഫിൽ നിന്നും പിടിച്ചെടുത്തു.
‘സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത്’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കലിക്കറ്റ് സർവകലാശാലയ്‌ക്ക് കീഴിലുള്ള കോളേജ് യുണിയൻ, പോളി തെരഞ്ഞെടുപ്പ്, സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് എന്നിവയിൽ എസ്‌എഫ്‌ഐ സമ്പൂർണ വിജയം നേടിയതിനു പിന്നാലെയാണ് ഐടിഐ തെരഞ്ഞെടുപ്പിലും വിജയിച്ചത്.









0 comments