കേന്ദ്ര സർവകലാശാല അധികൃതരുടെ പ്രതികാര നടപടി ചെറുക്കും: എസ്എഫ്ഐ

കാസർകോട്: വിദ്യാർഥികളോട് പ്രതികാര നടപടി തുടരുന്ന കേരള കേന്ദ്ര സർവകലാശാല അധികാരികളുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും ശക്തമായി ചെറുക്കുമെന്നും എസ്‌എഫ്‌ഐ അറിയിച്ചു. കേരള കേന്ദ്ര സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷ എത്തിനിൽക്കെ വിദ്യാർഥികൾക്ക് ക്യാമ്പസിനകത്തെ ലൈബ്രറി പൂർണമായും തുറന്നു നൽകാത്തത് പ്രതിഷേധാർഹമാണ്.
ലൈബ്രറി തുറന്ന് ഉപയോഗിച്ചതിന്റെ പേരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടി എസ് സെയ്‌ദ് അലി ഉൾപ്പെടെയുള്ള വിദ്യാർഥികളെ ലൈബ്രറിയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും സെയ്ദിനോട് രാത്രി വൈകി ക്യാമ്പസ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയുംചെയ്തത് മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള നടപടിയാണ്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കില്ല.
സർവകലാശാലധികൃതരുടെ ഭാഗത്തുനിന്ന് നിരന്തരമുണ്ടാവുന്ന വിദ്യാർഥി വിരുദ്ധ നിലപാടുകൾ വിദ്യാർഥികളുടെ ആത്മാഭിമാനത്തെതന്നെ ചോദ്യംചെയ്യുന്നതാണ്. ഇതിനെതിരെ വിദ്യാർത്ഥി സമൂഹവും പൊതുസമൂഹവും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സർവകലാശാല അധികാരികൾ മേൽ നടപടികൾ പിൻവലിക്കുകയും തിരുത്തുകയും ചെയ്യാത്തപക്ഷം വരുംദിവസങ്ങളിൽ അതിശക്തമായ പ്രതിഷേധങ്ങളുമായി എസ്എഫ്ഐ മുന്നോട്ടുവരുമെന്നും ജില്ലാ സെക്രട്ടറി മുഹമ്മദ് അദിനാൻ, പ്രസിഡന്റ് എം അനുരാജ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.









0 comments