തൃശൂരിൽ 31 കോളേജുകളിൽ 29ലും എസ്എഫ്ഐ; 15 കോളേജുകളിൽ മുഴുവൻ സീറ്റും നേടി

കുന്നംകുളം വിവേകാനന്ദ കോളേജില്‍ എസ്എഫ്ഐയുടെ ആഹ്ളാദ പ്രകടനം

സ്വന്തം ലേഖകൻ
Published on Oct 09, 2025, 08:20 PM | 1 min read
തൃശൂർ: കലിക്കറ്റ് സർവകലാശാലയ്‌ക്കുകീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് വൻ കുതിപ്പ്. ജില്ലയിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പുനടന്ന 31 കോളേജുകളിൽ 29ലും എസ്‌എഫ്‌ഐ വിജയിച്ചു. 15 കോളേജുകളിൽ മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐ വിജയിച്ചു.
നാമനിർദേശ പത്രികാസമർപ്പണം പൂർത്തിയായപ്പോൾ 10 കോളേജ്‌യൂണിയനുകൾ എസ്‌എഫ്‌ഐ നേടിയിരുന്നു. കഴിഞ്ഞവർഷം 25 കോളേജ് യൂണിയനുകളാണ് എസ്‌എഫ്‌ഐക്കുണ്ടായിരുന്നത്. ‘നിഷ്പക്ഷതയുടെ നിശ്ശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർഥിത്വം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തൃശൂർ ശ്രീകേരളവർമ, സി അച്യുതമേനാൻ ഗവ. കോളേജ്, ചാലക്കുടി പനന്പിള്ളി സ്‌മാരക ഗവ. കോളേജ്, കൊടുങ്ങല്ലൂർ എംഇഎസ് അസ്‌മാബി, കുന്നംകുളം വിവേകാനന്ദ, എൽത്തുരുത്ത് സെന്റ് അലോഷ്യസ്, ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്, ഇരിങ്ങാലക്കുട തരണനല്ലൂർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, നാട്ടിക എസ്‌എൻ, ഗുരുവായൂർ ശ്രീകൃഷ്‌ണ, ഒല്ലൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, തൊഴിയൂർ ഐസിഎ, വടക്കാഞ്ചേരി വ്യാസ, പഴഞ്ഞി എംഡി, കില കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു.
പത്രികാ സമർപ്പണം കഴിഞ്ഞപ്പോൾത്തന്നെ പഴഞ്ഞി എംഡി കോളേജ്, മാള എയിം ലോ കോളേജ്, കില കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, ഐഎച്ച്‌ആർഡി എറിയാട്, കുട്ടനെല്ലൂർ ഗവ. കോളേജ്, ഒല്ലൂർ ഗവ. കോളേജ്, നാട്ടിക എസ്‌എൻ കോളേജ്, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, വഴക്കുംപാറ എസ്‌എൻ കോളേജ് യൂണിയനുകളും എതിരില്ലാതെ വിജയിച്ചു. പഴഞ്ഞി എംഡി കോളേജിൽ പ്രധാന സീറ്റിലും ഇയർ റെപ്പ്, ഡിപ്പാർട്ട്‌മെന്റ് അസോസിയേഷൻ സെക്രട്ടറിമാരടക്കം 75 സീറ്റിലും എതിരില്ലാതെയായിരുന്നു എസ്‌എഫ്‌ഐ ജയം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ 26 സീറ്റിൽ 25ലും എതിരുണ്ടായിരുന്നില്ല.
തൃശൂർ സെന്റ് തോമസ് കോളേജ്, പഴയന്നൂർ ഐഎച്ച്‌ആർഡി കോളേജ് എന്നിവിടങ്ങളിലാണ് യുഡിഎസ്‌എഫ് വിജയിച്ചത്.










0 comments