ad
Deshabhimani

കലിക്കറ്റിൽ വർ​ഗീയകോട്ടകൾ തകർത്തു; കരുത്തോടെ എസ്എഫ്ഐ

SFi palakkad victoria

പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ മുഴുവൻ സീറ്റിലും വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദം | ഫോട്ടോ: ശരത് കൽപ്പാത്തി

വെബ് ഡെസ്ക്

Published on Oct 09, 2025, 09:44 PM | 3 min read

തേ‌ഞ്ഞിപ്പലം: വർ​ഗീയശക്തികളെ കലാലയത്തിന് പുറത്തുനിർത്തി, കലിക്കറ്റ്‌ സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തിരിഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഐതിഹാസിക വിജയം. യുഡിഎസ്എഫ്, കെഎസ്‍യു, എംഎസ്എഫ് കേന്ദ്രങ്ങൾ തകർത്ത് പുരോ​ഗമ, മതനിരപേക്ഷ നിലപാടെടുത്ത എസ്എഫ്ഐയെ വിദ്യാർഥികൾ നെഞ്ചോടുചേർത്തു.


"നിക്ഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർഥിത്വം" എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സർവകലാശാലക്ക് കീഴിൽ തിരഞ്ഞെടുപ്പ് നടന്ന 202 കോളേജുകളിൽ 127 കോളേജുകൾ എസ്എഫ്ഐ വിജയിച്ചു. 35 കോളേജുകൾ തിരിച്ചുപിടിച്ചു കൊണ്ടാണ് കലിക്കറ്റിൽ എസ്എഫ്ഐ കരുത്ത് കാണിച്ചത്. മതവർ​ഗീയതയുടെയും പണക്കൊഴുപ്പിന്റെയും ലഹരി മാഫിയ സംഘങ്ങളുടെയും കൂട്ടുപിടിച്ച് കാമ്പസുകളിൽ അരാഷ്ട്രീയ അരാജകത്വ പ്രവർത്തനങ്ങൾ നടത്തുന്ന വലതുപക്ഷ സംഘടനകൾക്കേറ്റ കനത്ത തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം.


തൃശൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 32 കോളേജുകളിൽ 30 കോളേജുകളിലും എസ്എഫ്ഐ ഉജ്വല വിജയം നേടി. നോമിനേഷൻ പൂർത്തീകരിച്ചപ്പോൾ 10 കോളേജുകൾ എതിരില്ലാതെ വിജയിച്ചു. പെരുവല്ലൂർ മദർ ആർട്സ് ആൻഡ് സയൻസ് കോളേജ്, സെന്റ് ജോസഫ് കോളേജ് പാവറട്ടി, ഐസിഎ കോളേജ് തൊഴിയൂർ എന്നിവ യുഡിഎസ്എഫ് മുന്നണിയിൽ നിന്നും തിരിച്ചുപിടിച്ചു. സർവകലാശാല സബ് സെന്റർ ഡിഎസ്‍യു പ്രഥമ യൂണിയൻ എസ്എഫ്ഐ വിജയിച്ചു. സെൻറ് തോമസ് കോളേജിൽ കൗൺസിലർ സ്ഥാനാർഥികൾ വിജയിച്ചു.


പാലക്കാട്‌ ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 32 കോളേജുകളിൽ 25 കോളേജുകളിൽ എസ്എഫ്ഐ ഐതിഹാസിക വിജയം നേടി. അനശ്വര രക്തസാക്ഷി മുഹമ്മദ്‌ മുസ്തഫയുടെ കലാലയം മണ്ണാർക്കാട് എംഇഎസ് കോളേജ് 10 വർഷങ്ങൾക്ക് ശേഷം എംഎസ്എഫിൽ തിരിച്ചുപിടിച്ചു. സിസിഎസ്‍ടി കോളേജ്, എഡബ്ല്യുഎച്ച് കോളേജ് ആനക്കര ഇഎൻഎൻഇഇ കോളേജുകൾ എംഎസ്എഫിൽ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു. ഒറ്റപ്പാലം എൻഎസ്എസ് കോളേജ് രണ്ട് വർഷത്തിന് ശേഷം കെഎസ്‍യുവിൽ നിന്നും തിരിച്ചുപിടിച്ചു. മൈനൊരിറ്റി കോളേജ് തൃത്താല യുഡിഎസ്എഫിൽ നിന്നും അട്ടപ്പാടി ഐഎച്ച്ആർഡി കോളേജ് എഐഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചു പിടിച്ചു. പാലക്കാട്‌ വിക്ടോറിയ കോളേജിൽ 28ൽ 27സീറ്റും, പട്ടാമ്പി സംസ്‌കൃത കോളേജിൽ മുഴുവൻ മേജർ സീറ്റിലും, പത്തിരിപാല ഗവ കോളേജ് ഒന്നൊഴികെ എട്ട് സീറ്റും, ചിറ്റൂർ ഗവ കോളേജിൽ യൂണിയനും എസ്എഫ്ഐ നേടി.


മലപ്പുറം ജില്ലയിൽ ചരിത്രപരമായ മുന്നേറ്റമാണ് എസ്എഫ്ഐ നടത്തിയത്. തെരഞ്ഞെടുപ്പ് നടന്ന 73 കോളേജുകളിൽ 30 കോളേജുകൾ എസ്എഫ്ഐ വിജയിച്ചു. നോമിനേഷൻ പൂർത്തീകരിച്ചപ്പോൾ നാല് കോളേജുകൾ എതിരില്ലാതെ വിജയിച്ചിരുന്നു. ജില്ലയിൽ ആകെ 15 കോളേജുകൾ യുഡിഎസ്എഫിൽ നിന്നും തിരിച്ചുപിടിച്ചു. നജാത്ത് കോളേജ് കരുവാരക്കുണ്ട് 12 വർഷങ്ങൾക്ക് ശേഷം എംഎസ്എഫിൽ നിന്ന് പിടിച്ചെടുത്തു. പ്രിയദർശിനി ആർട്സ് ആൻഡ് സയൻസ് കോളേജ് 9 വർഷങ്ങൾക്ക് ശേഷം കെഎസ്‍യുവിൽ നിന്നും തിരിച്ച് പിടിച്ചു. റീജിയണൽ കോളേജ് അരീക്കോട് എംഎസ്എഫിൽ നിന്നും തിരിച്ച് പിടിച്ച് ചരിത്രത്തിൽ ആദ്യമായി എസ്എഫ്ഐ യൂണിയൻ നേടി. മഅദിൻ കോളേജ്, കെആർഎസ്എൻ കോളേജ്, മാർത്തോമാ ചുങ്കത്തറ, എംടിഎം വെളിയങ്കോട്, ഐഎച്ച്ആർഡി മുതുവല്ലൂർ, , ഹികമിയ്യ കോളേജ് വണ്ടൂർ, പരപ്പനങ്ങാടി എൽബിഎസ്, ഡി പോൾ കോളേജ് നിലമ്പൂർ, ടി എം ജി തിരൂർ, ഐഎച്ച്ആർഡി വട്ടക്കുളം, SVPK പലേമാട്, അംബേദ്കർ കോളേജ് വണ്ടൂർ എന്നീ കോളേജുകൾ യുഡിഎസ്എഫിൽ നിന്നും തിരിച്ചുപിടിച്ചു.


കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളിൽ 31 കോളേജുകൾ എസ്എഫ്ഐ നേടി. എതിരില്ലാതെ 12 കോളേജുകളിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ്, ഗവ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് എന്നിവ കെഎസ്‍യുവിൽ നിന്നും കുന്നമംഗലം എസ്എൻഇഎസ്, ഗവ. കോളേജ് കുന്ദമംഗലം, ഗവ. കോളേജ് കോടഞ്ചേരി, സിഎസ്ഐ വിമൻസ് കോളേജ് ചോമ്പാല, ഗവ. കോളേജ് കൊടുവള്ളി എന്നീ കോളേജുകൾ യുഡിഎസ്എഫിൽ നിന്നും തിരിച്ചുപിടിച്ചു. സിൽവർ കോളേജിൽ യുയുസി സ്ഥാനാർഥിയും എസ്എഫ്ഐ നേടിയെടുത്തു. ഗവ ആർട്സ് കോളേജ്മീഞ്ചന്ത, ഗവ കോളേജ് കൊയിലാണ്ടി ഉൾപ്പടെ കോഴിക്കോട് ജില്ലയിലെ 12ഗവ കോളേജിൽ 11ലും എസ്എഫ്ഐ വിജയിച്ചു.


വയനാട് ജില്ലയിൽ 16ൽ 11 കോളേജുകൾ എസ്എഫ്ഐ വിജയിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ 3 കോളേജുകൾ വിജയിച്ചിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം ഇഎംബിസി കോളേജും മീനങ്ങാടി ഐഎച്ച്ആർഡി കോളേജും കെഎസ്‍യുവിൽ നിന്ന് തിരിച്ചുപിടിച്ചു. എൻഎംഎസ്എം ഗവ കോളേജ് കല്പറ്റയും അൽഫോൻസാ കോളേജും യുഡിഎസ്എഫിൽ നിന്നും തിരിച്ചുപിടിച്ചു.


എസ്എഫ്ഐയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികളെയും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ അഭിവാദ്യം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home