മനുഷ്യരോടാണ്, ഗാസയിലെ കുഞ്ഞുങ്ങൾക്കായി സംസാരിച്ചതിനാൽ വേട്ടയാടപ്പെടുന്ന ടീച്ചറോട് ഐക്യപ്പെടണം: എം ശിവപ്രസാദ്

തിരുവനന്തപുരം: ഗാസയിലെ കുട്ടികൾക്കായി നടത്തിയ പ്രതികരണത്തിന്റെ പേരിൽ സൈബർ ആക്രമണം എം ലീലാവതിയ്ക്ക് പിന്തുണയുമായി എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. മനുഷ്യരോടാണ്, ഗാസയിലെ കുഞ്ഞുങ്ങൾക്കായി സംസാരിച്ചതിനാൽ വേട്ടയാടപ്പെടുന്ന ലീലാവതി ടീച്ചറോട് ഐക്യപ്പെടണമെന്ന് എം ശിവപ്രസാദ് ഫേസ്‌ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
'കൊച്ചു കുട്ടികൾക്ക് ജാതിയും മതവും ഒന്നും ഇല്ല. കുട്ടികൾ കുട്ടികളാണ്. വിശക്കുന്ന കുട്ടികൾ ഏതു നാട്ടിലായാലും, ഏതു ജാതി ആയാലും, ഏതു മതം ആയാലും എനിക്ക് ഒരു പോലെയാണ്. ഗാസയിൽ കുഞ്ഞുങ്ങൾ വിശനിരിക്കുമ്പോൾ എൻ്റെ തൊണ്ടയിൽ എങ്ങനെ ചോറ് ഇറങ്ങും.': ഡോ. എം. ലീലാവതി ടീച്ചറുടെ വാക്കുകളാണ്. ഇത് പറഞ്ഞതിന് ടീച്ചറെ വേട്ടയാടാൻ വെമ്പുന്ന വർഗ്ഗീയ തെമ്മാടി കൂട്ടത്തോടാണ്. പലസ്തീൻ എന്ന ഒരു നാട് ഭൂപടത്തിൽ നിന്ന് മായിച്ചു കളയാൻ ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രം ശ്രമിക്കുമ്പോൾ അവിടെ അവസാനിക്കുന്നത് എവിടേക്ക് തങ്ങൾ ജനിച്ചു വീണത് എന്ന തിരിച്ചറിവ് പോലും എത്തിയിട്ടില്ലാത്ത പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതവും സ്വപ്നങ്ങളുമാണ്. ഗാസയിൽ 2023 ജൂലൈ മുതൽ ഇന്ന് വരെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ഔദ്യോഗിക കണക്ക് അനുസരിച്ച് 20,000 ത്തിന് മുകളിലാണ്. വിശന്ന് മരിച്ച കുട്ടികൾ 145. പോഷകാഹാരക്കുറവ് നേരിടുന്ന ലക്ഷകണക്കിന് കുട്ടികളുണ്ട്. ഈ കണക്കുകൾ നിങ്ങളെ ആകുലപ്പെടുത്തുന്നില്ലെങ്കിൽ നിങ്ങൾ മനുഷ്യ വർഗ്ഗത്തിൽ തന്നെ ജനിച്ചതാണോ എന്ന് സ്വയം പരിശോധിക്കേണ്ടിവരും.
മനുഷ്യരോടാണ്, നിരുപാധികം നാം ഈ ജനതയോട്, അവരുടെ സഹനത്തോട്, ചെറുത്തു നിൽപ്പിനോട്, ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി സംസാരിച്ചതിൻ്റെ പേരിൽ സൈബർ അക്രമണത്തിന് വിധേയമായ ലീലാവതി ടീച്ചറോട് ഐക്യപ്പെടണം. ഇന്ന് ഗാസയിൽ എങ്കിൽ നാളെ ഇത് ഫാസിസം ശക്തിപ്പെടുന്ന ഇന്ത്യയിലും സംഭവിക്കാം.'










0 comments