അവർ ഒന്നായ് ശുഭ്രപതാകത്തണലിൽ ; എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കം.

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പതാക ഉയർത്തുന്നു

ആൻസ് ട്രീസ ജോസഫ്
Published on Feb 20, 2025, 01:00 AM | 1 min read
അഭിമന്യു –ധീരജ് നഗർ (എ കെ ജി ഹാൾ) : അവകാശങ്ങൾക്കായി പൊരുതിയും അനീതിക്കെതിരെ പടനയിച്ചും നാളെയുടെ പ്രതീക്ഷയായ സമരധീരർ ശുഭ്രപതാകക്ക് കീഴിൽ അണിനിരന്നു. പ്രസ്ഥാനത്തിന് വിത്തുപാകിയ മണ്ണിൽ എസ്‌എഫ്‌ഐ മുപ്പത്തഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കം.
ധീരരക്‌തസാക്ഷികളായ ദേവപാലന്റെയും അജയ്‌യുടെയും സജിൻ ഷാഹുലിന്റെയും സക്കീറിന്റെയും മരിക്കാത്ത ഓർമ്മകൾ ഇരമ്പുന്ന മണ്ണിൽ ഇനി പ്രസ്ഥാനത്തെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ചർച്ചകൾ ഉയരും.
ഉദ്‌ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം വിജയകുമാർ സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ അഫ്സൽ രക്തസാക്ഷി പ്രമേയവും വി വിചിത്ര അനുശോചന പ്രമേയവും അവതരിപ്പിച്ചു. ക്യൂബൻ മിഷൻ ഡെപ്യൂട്ടി ഹെഡ് ആബെൽ അബല്ലെ ഡെസ്പൈ മുഖ്യപ്രഭാഷണം നടത്തി.
ജോയിന്റ് സെക്രട്ടറി ദിനിത് ദണ്ഡ, വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ജി ടി അഞ്ചുകൃഷ്ണ, സെറീന സലാം, ഹസൻ മുബാറക്, വൈസ് പ്രസിഡന്റ് എ എ അക്ഷയ്, എസ്‌എഫ്‌ഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ഷംസീർ അഹമ്മദ്, സെക്രട്ടറി അരവിന്ദ് സ്വാമി എന്നിവർ പങ്കെടുത്തു. രക്തസാക്ഷികളായ സജിൻ ഷാഹുലിന്റെയും സക്കീറിന്റെയും കുടുംബാംഗങ്ങളും പങ്കെടുത്തു. ചടങ്ങിൽ നിതീഷ് നാരയണന്റെ വാഴ്വേ മനിതർ, മയൂഖ് ബിശ്വാസിന്റെ ക്യൂബ കോള എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിച്ചു.
കെ അനുശ്രീ (കൺവീനർ), ആദിൽ, ശ്രീഹരി, പ്രവിഷ, ഋഷിത, ആദർശ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. അഞ്‌ജുകൃഷ്ണ (മിനുട്‌സ്), ഇ അഫ്‌സൽ (പ്രമേയം), ഹസ്ൻ മുബാറക് (ക്രഡൻഷ്യൽ), കെ വി അനുരാഗ് (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി സബ്‌കമ്മിറ്റികളും രൂപീകരിച്ചു. 503 പ്രതിനിധികളും 71 സംസ്ഥാന കമ്മിറ്റിയംഗങ്ങളും ലക്ഷ്വദീപിൽനിന്നുള്ള മൂന്ന് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.









0 comments