print edition ബസ് കൺസെഷൻ നിരക്ക് വർധനയ്‌ക്കെതിരെ സമരം: എസ്‌എഫ്‌ഐ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ സ്വന്തം തീരുമാനപ്രകാരം വിദ്യാർഥികളുടെ ബസ് കൺസെഷൻ നിരക്ക് വർധിപ്പിച്ചതിനെതിരെ സമരവുമായി രംഗത്തിറങ്ങുമെന്ന് എസ്‌എഫ്‌ഐ. നിലവിലുള്ള കൺസെഷൻ തുക തുടരാൻ ഇടപെടും. കൂടുതൽ തുക വാങ്ങുന്ന ബസുകളെ നിരത്തിലിറങ്ങാൻ അനുവദിക്കില്ല.
ഒരു രൂപയായിരുന്ന കൺസെഷൻ നിരക്ക് വയനാട്ടിൽ നിലവിൽ മൂന്ന് രൂപയായാണ് ഈടാക്കുന്നത്. ഇതിനെതിരെ അന്നുതന്നെ എസ്‌എഫ്‌ഐ സമരം നടത്തി. വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചെങ്കിലും ഉദ്യോഗസ്ഥരോ എസ്‌എഫ്‌ഐ ഒഴികെയുള്ള മറ്റ് വിദ്യാർഥി സംഘടനകളോ പങ്കെടുത്തില്ല. യോഗം നടക്കാതിരുന്നതോടെയാണ് ബസുടമകൾ മൂന്ന് രൂപ ഈടാക്കാൻ തുടങ്ങിയത്.
മറ്റ് ജില്ലകളിലും സർക്കാരിന്റെ മൗനാനുവാദത്തോടെ നിരക്ക് വർധിപ്പിക്കാനാണ് സ്വകാര്യ ബസ് ലോബി നീക്കം.
കെഎസ്ആർടിസി സൗജന്യ യാത്രയുടെ നഷ്‌ടം നികത്താൻ വിദ്യാർഥികൾക്കുമേൽ കൂടുതൽ നിരക്ക് അടിച്ചേൽപ്പിക്കാനാണ് ശ്രമം. അധ്യയന വർഷം ആരംഭിക്കുന്നതിനുമുന്പ് കൺസെഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാർഥി സംഘടനകളുടെ യോഗം വിളിക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല.
അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം വീഴ്ചകൾ കാരണമാണ് തൃശൂർ വടക്കാഞ്ചേരിയിൽ ഒരു വിദ്യാർഥിയെ ബസിൽനിന്ന് പുറത്താക്കിയ സംഭവമുണ്ടായത്.
സമരത്തിന്റെ ആദ്യപടിയായി ബസ്‌സ്റ്റാൻഡ് ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ഏരിയ കമ്മിറ്റികളുടെയും യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രവർത്തകരെ സ്റ്റാൻഡുകളിൽ വിന്യസിച്ച് വിദ്യാർഥികളിൽനിന്ന് പഴയ നിരക്കേ ഈടാക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും.
ബസ് കൺസെഷനുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ അറിയിച്ചു.










0 comments