ad
Deshabhimani

മുതലപ്പൊഴിയിൽ അപകട പരമ്പര 8 മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്‌

മുതലപ്പൊഴിയിൽ  വള്ളം   അപകടത്തിൽപ്പെട്ട  ദൃശ്യം

മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽപ്പെട്ട ദൃശ്യം

വെബ് ഡെസ്ക്

Published on Jul 08, 2026, 12:08 AM | 1 min read

ചിറയിൻകീഴ്

മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞും കൂട്ടിയിടിച്ചും എട്ട്‌ തൊഴിലാളികൾക്ക് പരിക്കേറ്റു. ചൊവ്വ രാവിലെ 9.30ന്‌ പുതുക്കുറിച്ചി സ്വദേശി നിബിന്റെ ഉടമസ്ഥതയിലുള്ള ‘അധിപൻ' എന്ന വള്ളമാണ് ആദ്യം അപകടത്തിൽപ്പെട്ടത്. മീൻ പിടിത്തം കഴിഞ്ഞുവരവെ തിരയിൽപ്പെട്ട് സജീർ (46), അതിഥിത്തൊഴിലാളികളായ ടിങ്കു മജൂംദാർ (29), ജാതൻ ദാസ് (31), രാകേഷ് (27) എന്നിവർക്ക്‌ കടലിൽ വീണ് പരിക്കേറ്റു. ഇവരെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പകൽ 12.30നായിരുന്നു രണ്ടാമത്തെ അപകടം. മീൻപിടിച്ചശേഷം വരികയായിരുന്ന അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി പങ്ക്‌രാസിന്റ വള്ളവും രക്ഷകൻ എന്ന കാരിയർ വള്ളവും കൂട്ടിയിടിച്ചു. വള്ളത്തിലുണ്ടായിരുന്ന നാല്‌ തൊഴിലാളികൾ തെറിച്ച് കടലിൽ വീണ്‌ പരിക്കേറ്റു. ഇവരെ അഴിമുഖത്ത് പട്രോളിങ്‌ നടത്തുകയായിരുന്ന ലൈഫ് ഗാർഡുമാരായ ബിബിൻ, തങ്കരാജ്, ബിബിൻസൻ, റോയ്‌റോബർട്ട് എന്നിവർ ചേർന്ന് കരയ്‌ക്കെത്തിച്ചു. ഇവരെയും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽ 3.40ന്‌ ഹാർബറിനകത്ത് കിടക്കുന്ന ഡ്രഡ്‌ജറിൽ റോപ്പ് കെട്ടാൻപോയ ജോസിന്റെ വള്ളവും മറിഞ്ഞു. കടലിൽ വീണ ജോസിനെ ലൈഫ് ഗാർഡുമാരായ വിൽബൻ, ബിബിൻസൻ എന്നിവർ ചേർന്ന് രക്ഷിച്ചു. മറിഞ്ഞ വള്ളങ്ങൾ റോപ്പ് കെട്ടിവലിച്ച് കരയിൽ എത്തിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒന്നിന്‌ അഴിമുഖത്ത് പൂത്തുറ സ്വദേശിയുടെ വള്ളം മറിഞ്ഞ് മൂന്ന്‌ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (ഡിഡബ്ല്യൂപിആർഎസ്) വിദഗ്‌ധ സംഘം വ്യാഴം രാവിലെ പത്തിന്‌ മുതലപ്പൊഴി സന്ദർശിച്ച്‌ പ്രവൃത്തികൾ വിലയിരുത്തുന്നുണ്ട്‌. നിർമാണം പുരോഗമിക്കുന്ന പുലിമുട്ടിന്റെ ഘടനയിൽ മത്സ്യത്തൊഴിലാളികൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ അവരുമായി ചർച്ച നടത്തും. കടലാക്രമണം രൂക്ഷമായ അഞ്ചുതെങ്ങ് പ്രദേശവും സന്ദർശിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home