മെന്‍റര്‍ അധ്യാപകരില്ല ആദിവാസി കുട്ടികളുടെ പഠനം മുടങ്ങി; ഐറ്റിഡിപി ഓഫീസ് ഉപരോധിച്ച് എസ്എഫ്ഐ

നിലമ്പൂർ: പുതിയ മെന്റർ അധ്യാപകരെ നിയമിക്കാത്തതിനെ തുടർന്ന് ആദിവാസി വിദ്യാർഥികളുടെ പഠനം മുടങ്ങിയതിൽ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ഐറ്റിഡിപി ഓഫീസ് ഉപരോധിച്ചു. പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികൾ താമസിച്ചു പഠിക്കുന്ന നിലമ്പൂർ ഐജിഎംഎംആർ സ്കൂളിലെയും ഞെട്ടിക്കുളം എ യു പി സ്കൂളിലെയും വിദ്യാർഥികളാണ് മെന്റർ അധ്യാപകരുടെ അഭാവത്തെ തുടർന്ന് പഠനം നിർത്തിയത്.
ഐജിഎംഎംആർ സ്കൂളിൽ 163 കുട്ടികളും ഞെട്ടിക്കുളം എയുപി സ്കൂളിൽ 19 കുട്ടികളുമാണ് പഠനം നിർത്തിയത്. ഇവരെ സ്കൂളിലേക്ക് തിരിച്ചെത്തിക്കുന്നതിന് അധ്യാപകരെ അടിയന്തരമായി നിയമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനപിന്തുണ ഉറപ്പാക്കുന്നതിനുമായി എൽഡിഎഫ് സർക്കാർ നിയമിച്ച 17 ഗോത്രവിഭാഗം മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടതിനെ തുടർന്നാണ് വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായത്.

ആദിവാസി കുട്ടികൾക്ക് അവരുടെ ഭാഷയിൽ പഠനം എളുപ്പമാക്കുന്നതിനും ആവശ്യമായ പഠനപിന്തുണ നൽകുന്നതിനുമാണ് മെന്റർ അധ്യാപകരെ നിയമിച്ചിരുന്നത്. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ആദിവാസി കുട്ടികൾക്കും ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുന്ന സർക്കാർ നടപടികൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. സമരം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സി എം സഫ്‌വാൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡാനിഷ് അബ്ദുള്ള, എസ്എഫ്ഐ നിലമ്പൂർ ഏരിയ സെക്രട്ടറി കെ വി മുഹമ്മദ് അദ്നാൻ, എം സജിത്ത് എന്നിവർ സംസാരിച്ചു.










0 comments