'ആർഎസ്എസ് അജണ്ട അനുവദിക്കില്ല': സർവകലാശാലകളിലേക്ക് നാളെ എസ്എഫ്ഐ മാർച്ച്

തിരുവനന്തപുരം: കേരളത്തിലെ നാല് സർവകലാശാലയിലേക്ക് നാളെ എസ്എഫ്‌ഐ ശക്തമായ സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കണ്ണൂർ, കാലിക്കറ്റ്, എം ജി, കേരള സർവകലാശാലയിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ചിൽ വലിയ പങ്കാളിത്തം ഉണ്ടാകുമെന്നും വിദ്യാർഥി പ്രതിഷേധം ഇരമ്പിയാർക്കുമെന്നും സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.
'ഗവർണർ നിയമിച്ച കേരള വി സി, കെടിയു വി സി, കാലിക്കറ്റ് വി സി, കണ്ണൂർ വി സി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് സമരം ആരംഭിക്കുന്നത്. ആദ്യഘട്ടമായാണ് നാളത്തെ സമരം. അടുത്ത ഘട്ടത്തിൽ കെടിയു (എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല), കുഹാസ് (കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല) തുടങ്ങിയ സർവകലാശാലയിലേക്ക് മാർച്ച് നടത്തും. തുടർന്ന് ജില്ലാ കേന്ദ്രങ്ങിലേക്കും രാജ്ഭവനിലേക്കും മാർച്ച് നടത്തുന്നതും എസ്എഫ്‌ഐ ആലോചിക്കും.
കേരള സർവകലാശാലയിൽ ഞങ്ങൾക്ക് മുന്നോട്ട് വെക്കാനുള്ളത് വി സി സ്വയം രാജിവെച്ച് പുറത്ത് പോകണമെന്നാണ്. വി സി ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായുള്ള സർവകലാശാല വിരുദ്ധ നിലപാടുകൾ കണ്ടു കൊണ്ട് സ്വയം രാജിവെച്ച് പിൻമാറുക. അത് ഉയർത്തിപ്പിടിച്ചായിരിക്കും മാർച്ച്. കേരള വി സിക്ക് പുറമെ കാലിക്കറ്റ് വി സിയും രാജിവെക്കുക. വിക്ടോറിയ കോളേജിലെ കെഎസ്‍യു നേതാവിന് മാർക്ക് ദാനം നൽകിയ കാലിക്കറ്റ് വി സിയും തൽസ്ഥാനത്ത് തുടരാൻ അവർഹനല്ല. ഗവർണർ എന്ന ഒറ്റപേരിന്റെ ധെെര്യത്തിലാണ് ഇത്തരം നടപടികൾ നടപ്പാക്കുന്നത്. ഇത് തുടരാൻ അനുവദിക്കില്ല'- സഞ്ജീവ് പറഞ്ഞു.









0 comments