എ എം സക്കീർ വധം: ഒളിവിൽപ്പോയ 3 പിഡിപി പ്രവർത്തകരായ പ്രതികൾക്കും ജീവപര്യന്തം

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് എ എം സക്കീറിനെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന 3 പിഡിപി പ്രവർത്തകരായ പ്രതികൾക്ക് കൂടി ജീവപര്യന്തം. പെരുമാതുറ സ്വദേശികളായ രണ്ടാം പ്രതി സുൽഫിക്കർ, എട്ടാം പ്രതി റാഫി, പത്താം പ്രതി റിയാസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിനുപുറമേ ഇവർക്ക് വിവിധ വകുപ്പുകൾപ്രകാരം 1,90,000 രൂപ പിഴയും 21 വർഷത്തെ തടവും ശിക്ഷ വിധിച്ചു. അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെക്ഷൻസ് ജഡ്ജ് ആജ് സുദർശനാണ് ശിക്ഷവിധിച്ചത്.
1995 ജനുവരി 16-ന് അർധരാത്രിയാണ് എസ്എഫ്ഐ നേതാവും ഗവ. ലോ കോളേജ് യൂണിയൻ ചെയർമാനുമായ എ എം സക്കീറിനെ പിഡിപിക്കാരായ ഇരുപതോളം പേർ പെരുമാതുറ മാടൻനടയിലെ വീട്ടിൽ മാരകായുധങ്ങളുമായി കയറി വെട്ടിയത്. വെട്ടുകൊണ്ട് വീട്ടിൽനിന്ന് ഇറങ്ങിയോടിയ സക്കീറിനെ വീടിന് അരക്കിലോമീറ്ററോളം അകലെ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഒന്നുമുതൽ 10 വരെയുള്ള മറ്റ് പ്രതികളെ കോടതി നേരത്തെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. എന്നാൽ, വിചാരണ നടക്കവേ 3 പ്രതികളും ഒളിവിൽ പോയതിനാലാണ് ഇവരെ വിസ്തരിക്കാനാകാതെ കേസ് മാറ്റിയത്.
ഒടുവിൽ പ്രതികൾ കോടതി മുമ്പാകെ കീഴടങ്ങി. കീഴടങ്ങിയ ആറാം പ്രതിയേയും ഒമ്പതാം പ്രതിയേയും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 16ഉം 17ഉം 20ഉം പ്രതികൾ ഇപ്പോഴും ഒളിവിലാണ്. 11-ാം പ്രതി വിചാരണയ്ക്കിടെ മരിച്ചു. ആകെ 19 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ആർ പ്രവീൺ കുമാർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
വിധിയെ സ്വാഗതം ചെയ്യുന്നു: വി ജോയി
എസ്എഫ്ഐ,ഡിവൈഎഫ്ഐ നേതാവായിരുന്ന എ എം സക്കീറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. 30 വർഷത്തിനുശേഷവും കേസിന്റെ വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യസാക്ഷി കൂറുമാറി; കള്ളം പൊളിച്ചത് പ്രോസിക്യൂഷൻ
എ എം സക്കീറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസാക്ഷി കൂറുമാറിയെങ്കിലും പ്രോസിക്യൂഷൻ വിചാരണയ്ക്കിടെ പ്രതിഭാഗം സാക്ഷികളുടെ കള്ളം വിദഗ്ധമായി പൊളിച്ചു. കേസിലെ മുഖ്യസാക്ഷിയായ ഷാജഹാനാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. പെരുമാതുറ സ്വദേശിയായ ഷാജഹാന്റെ വീടിന്റെ പരിസരത്ത് വച്ചായിരുന്നു സക്കീറിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ഷാജഹാന്റെ വീടിന്റെ മതിൽ ചാടിക്കടന്ന സംഘം പടിക്കെട്ടിന് കീഴിൽ ഒളിച്ചിരുന്ന സക്കീറിനെ തെങ്ങിൻ പറമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പാക്കിയശേഷം ആഹ്ലാദാരവം മുഴക്കിയാണ് സംഘം അവിടെനിന്ന് മടങ്ങിയത്.
എന്നാൽ ദൃക്സാക്ഷിയായ ഷാജഹാൻ വിചാരണയ്ക്കിടെ പിഡിപി പ്രവർത്തകർക്ക് അനുകൂലമായി മൊഴി മാറ്റുകയായിരുന്നു. എന്നാൽ പ്രതിഭാഗം ഹാജരാക്കിയ 2 സാക്ഷികളുടെ കള്ളം പ്രോസിക്യൂഷൻ വാദത്തിനിടെ പൊളിച്ചതാണ് വഴിത്തിരിവായത്. കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി സുൽഫിക്കറാണ് സക്കീറിനെ വീട്ടിൽ കയറി ആദ്യം വെട്ടിയത്. വെട്ടേറ്റ സക്കീർ വീടിന് പുറത്തേക്ക് ഇറങ്ങി ഓടുമ്പോൾ "വിടരുത് അവനെ തട്ടണം എന്ന്' സുൽഫിക്കർ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. വാളുമായി പുറകെ ഓടിയ എട്ടാം പ്രതി റാഫി സക്കീറിന്റെ മുണ്ടും അഴിച്ചെടുത്തു.
ലോ കോളേജ് യൂണിയൻ ചെയർമാനായി തെരഞ്ഞെടുത്ത ദിവസമാണ് സംഘം സക്കീറിനെ കൊലപ്പെടുത്തിയത്. സക്കീറിന്റെ പിതാവും സിപിഐ എം പെരുമാതുറ ബ്രാഞ്ച് സെക്രട്ടറിയുമായ എസ് എ റഷീദിനെ ഉൾപ്പെടെ മറ്റ് 7 പേരെയും സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. 4 വീടും തകർത്തു. വാൾ,കമ്പിപ്പാര, വെട്ടുകത്തി, കോടാലി എന്നിവയുമായായിരുന്നു ആക്രമണം.









0 comments