അഖിലേന്ത്യ സമ്മേളനം നാളെ സമാപിക്കും
ജനകീയ വിദ്യാഭ്യാസ നയത്തിനായി പോരാടും : എസ്‌എഫ്‌ഐ


അജ്‌നാസ് അഹമ്മദ്
Published on Jun 29, 2025, 03:17 AM | 1 min read
പലസ്‌തീൻ -സോളിഡാരിറ്റി നഗർ (കോഴിക്കോട്)
മോദി സർക്കാരിന്റെ പിന്തിരിപ്പൻ ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി രാജ്യത്ത് ജനകീയ വിദ്യാഭ്യാസനയം ഉയർത്തിക്കൊണ്ടുവരാനുള്ള പോരാട്ടത്തിൽ അണിചേരാൻ എസ്‌എഫ്‌ഐ 18–-ാം അഖിലേന്ത്യ സമ്മേളനം ആഹ്വാനംചെയ്‌തു. തെറ്റായ നയത്തിനെതിരായ പ്രതിരോധത്തിനൊപ്പം അക്കാദമിക്‌തലത്തിലുള്ള ഇടപെടലുകൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
സമത്വത്തിലും സാമൂഹികനീതിയിലുമൂന്നുന്ന ശാസ്‌ത്രീയ ഉള്ളടക്കമുള്ള വിദ്യാഭ്യാസ നയമാണ് രാജ്യത്തുണ്ടാകേണ്ടതെന്ന് സമ്മേളനം പ്രമേയത്തിൽ വ്യക്തമാക്കി. വർഗീയവൽക്കരണം, വിദ്യാഭ്യാസ വാണിജ്യവൽക്കരണം, കേന്ദ്രീകരണം എന്നിവയിലൂടെ വിദ്യാഭ്യാസമേഖലയെ തകർക്കാനാണ് ശ്രമം. വിദ്യാഭ്യാസത്തെ പൂർണമായും കച്ചവടവൽക്കരിക്കാനും നീക്കമുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഭരണഘടനാപ്രകാരം സംസ്ഥാനങ്ങൾക്കുള്ള അവകാശം കേന്ദ്രം കവരുന്നു. പിന്നാക്ക, ന്യൂനപക്ഷവിഭാഗ വിദ്യാർഥികളെ പഠനത്തിൽനിന്ന് പുറന്തള്ളുന്നു.
പലസ്‌തീൻ ജനതയുടെ വിമോചന പോരാട്ടത്തിന് പിന്തുണ നൽകാൻ പൊതുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരണം. കേന്ദ്രസർക്കാരിന്റെ തെറ്റായ വിദേശനയം തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടാംദിനമായ ശനിയാഴ്‌ച പൂർവകാല നേതൃസംഗമം നടന്നു. ഞായറാഴ്‌ച ചർച്ചയ്‌ക്ക് ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് മറുപടി പറയും. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. തിങ്കൾ പകൽ 11ന് കാൽലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന മഹാറാലിയോടെ നാലുദിവസത്തെ സമ്മേളനം സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
(പ്രത്യേക പേജ് 11)









0 comments