സംഘപരിവാർ അജൻഡ നടപ്പാക്കാൻ അനുവദിക്കില്ല: എസ്‌എഫ്‌ഐ

പലസ്തീൻ സോളിഡാരിറ്റി നഗർ (കോഴിക്കോട്)
വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് എസ്‌എഫ്‌ഐ. ഇതിനെതിരെ വൻ സമരം ഉയർത്തുമെന്ന് കേന്ദ്ര ജോ. സെക്രട്ടറി ആദർശ് എം സജി, ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ ലെയുവ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനുള്ള വേദിയായി പതിനെട്ടാം അഖിലേന്ത്യാ സമ്മേളനം മാറി. ഇതിന്റെ ഭാഗമായാണ് സമ്മേളന വേദിക്ക് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് എന്ന് പേരിട്ടത്. സാമ്രാജ്യത്വം തുലയട്ടെയെന്ന മുദ്രാവാക്യം കൂടിയാണ് എസ്‌എഫ്‌ഐ ഇതിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്. ഇക്കാര്യത്തിലുള്ള നന്ദി പലസ്തീൻ അധികൃതർ അറിയിച്ചു.
യൂണിറ്റുകൾ ഇല്ലാതിരുന്ന ഗോവ, ആൻഡമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സംഘടനാ കമ്മിറ്റികൾ രൂപീകരിക്കാൻ എസ്‌എഫ്‌ഐക്കായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 4.68 ലക്ഷം വിദ്യാർഥികളാണ് സംഘടനയിലേക്ക് കൂടുതലായി കടന്നുവന്നത്. കഴിഞ്ഞ സമ്മേളനം നടന്ന 2022ൽ 37.58 ലക്ഷമായിരുന്നു അംഗത്വം. മൂന്ന് വർഷങ്ങൾക്കിപ്പുറം അത് 42.27 ലക്ഷമായി വർധിച്ചു. വിദ്യാർഥിനികളുടെ വലിയ മുന്നേറ്റവും ഈ കാലയളവിലുണ്ടായി. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളിൽ മൂന്നിലൊന്നും വിദ്യാർഥിനികളാണ്. വിവിധ സർവകലാശാലകളിൽ സമരം ചെയ്യുകയും ഭരണകൂട ഭീകരതയ്ക്ക് ഇരയാവുകയും ചെയ്തവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും ഇരുവരും പറഞ്ഞു.










0 comments