പെൺകുട്ടികളുടെ ചിത്രം അയച്ചുകൊടുത്ത് വിലപേശുന്നത് സിന്ധു; ചാറ്റുകൾ പുറത്ത്

സിന്ധു ഇടപാടുകാരുമായി നടത്തിയ വാട്സാപ്പ് ചാറ്റിൽനിന്ന് (ഇടത്), പിടിയിലായ സിന്ധു (വലത്)
കൊച്ചി: മോഡലിങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് ദുരുപയോഗിച്ച കേസിൽ അറസ്റ്റിലായ സിന്ധു(സ്‌റ്റോയ്‌സി)വിനെതിരെ കൂടുതൽ തെളിവുകൾ. കേരളത്തിൽനിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. ഇതിന്റെ സ്ക്രീൻഷോട്ടുകൾ പൊലീസിന് ലഭിച്ചു. മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ച സിന്ധുവിനെ വിശദമായി ചോദ്യംചെയ്യും.
സിന്ധുവിനെതിരെ തെളിവുകളുള്ള വാട്സാപ്പ് ചാറ്റുകൾ പൊലീസ് ശേഖരിച്ചു. പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്തതിന്റെയും ഇവരുമായി വിലപേശുന്നതിന്റെയും തെളിവുകളുണ്ട്. ഇടപാടുകാരിൽ ചിലരിൽനിന്നുള്ള വാട്സാപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു.
യുവതികളെ ദുബായിലെത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തതും വിസ ഉൾപ്പെടെ നൽകിയതും സിന്ധുവാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചതും സിന്ധു തന്നെ. ഇരകളെ സാമ്പത്തികമായും റാക്കറ്റ് നടത്തിപ്പുകാർ കബളിപ്പിച്ചതായി വ്യക്തമായി. ദുബായിൽ ജോലി ലഭിക്കാൻ നാലു ലക്ഷം രൂപമുതലാണ് സിന്ധുവും സംഘവും യുവതികളിൽനിന്ന് വാങ്ങിയത്. തുക മുഴുവൻ വാങ്ങിയശേഷമാണ് ഇവരെ വിദേശത്ത് എത്തിച്ചത്. അവിടെ ഫ്ലാറ്റിൽ എത്തിച്ചശേഷം ശീതളപാനീയത്തിലോ മദ്യത്തിലോ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തും. പിന്നീട് ഇൗ ദൃശ്യങ്ങൾ കാണിച്ച് പീഡനം ആവർത്തിക്കും. വിസിറ്റിങ് വിസ കാലാവധി പൂർത്തിയാകുന്നതിനുമുന്പ് യുവതികളെ നാട്ടിലേക്ക് തിരികെ അയക്കും. ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും പുറത്തുപറഞ്ഞാൽ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് മടക്കി അയക്കുക. ഇതു ഭയന്നാണ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട പലരും പൊലീസിനെ സമീപിക്കാൻ മടിക്കുന്നത്.
മരട് പൊലീസിൽ പരാതി നൽകിയ യുവതിയിൽനിന്ന് ജോലി വാഗ്‌ദാനം ചെയ്‌ത് 4.75 ലക്ഷം രൂപ സിന്ധു വാങ്ങിയിട്ടുണ്ട്. സിന്ധുവിനുപുറമെ തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം, പൊന്നാനി സ്വദേശിനി മഞ്‌ജിമ എന്നിവരാണ് ഇതുവരെ അറസ്‌റ്റിലായത്. മൂന്നുപേരും റിമാൻഡിലാണ്.
കേസിൽ രണ്ട് സ്ത്രീകളെയാണ് ഇനി പിടികൂടാനുള്ളത്. സിന്ധുവിന്റെ നിർദേശപ്രകാരം ദുബായിൽ സെക്‌സ്‌റാക്കറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇവരാണ്. ദുബായിൽനിന്ന് ഇവരെ ഉടൻ നാട്ടിലെത്തിക്കും. ഇതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും.
വരുംദിവസങ്ങളിൽ കൂടുതൽപേർ പരാതിയുമായി സമീപിക്കുമെന്നും പൊലീസ് കരുതുന്നു.










0 comments