മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Manjummel Boys
വെബ് ഡെസ്ക്

Published on May 22, 2025, 04:20 PM | 1 min read

കൊച്ചി: മലയാളത്തിലെ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരുടെ ഹരജിയാണ് കോടതി തള്ളിയത്.


സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിൻ മേലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നാണ് പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിർമാതാക്കൾ പണം കൈപ്പറ്റിയത്. ചിത്രത്തിന്റെ നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണാണ് പണം വാങ്ങിയത്. ഏഴ് കോടി രൂപ മുടക്കിയിട്ടും ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു ആരോപണം.


ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തി എറണാകുളം മരട് പൊലീസാണ് കേസെടുത്തത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാങ്ക് രേഖകളും ശേഖരിച്ചിരുന്നു. തുടർന്നാണ് അന്വേഷണത്തിൽ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുൾപ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോള തലത്തിൽ 225 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

Home