സെന്‍സെക്സ് 1310 പോയിന്റ് നേട്ടത്തില്‍

കൊച്ചി : അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധികച്ചുങ്കം ചുമത്തല്‍ ജൂലൈ ഒമ്പതുവരെ മരവിപ്പിച്ചത് ഓഹരിവിപണിയെ നേട്ടത്തിലാക്കി. കാളകള്‍ കരുത്താര്‍ജിച്ച് തിരിച്ചെത്തിയപ്പോള്‍ സെന്‍സെക്സ് 1.77 ശതമാനവും നിഫ്റ്റി 1.92 ശതമാനവും മുന്നേറി. വ്യാപാരത്തിനിടെ 75,467.33 വരെ ഉയര്‍ന്ന സെന്‍സെക്സ് ഒടുവില്‍ 1310.11 പോയിന്റ് നേട്ടത്തില്‍ 75,157.26ലും നിഫ്റ്റി 22,923.90 വരെ മുന്നേറിയശേഷം 429.40 പോയിന്റ് ഉയര്‍ന്ന് 22,828.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം മുന്‍ദിവസത്തെ 394.58 ലക്ഷം കോടിയില്‍നിന്ന് 401.55 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നു. നിക്ഷേപകര്‍ 6.97 ലക്ഷം കോടി രൂപ നേട്ടമുണ്ടാക്കി. എല്ലാ പ്രധാന മേഖലകളും മുന്നേറി. ബിഎസ്ഇ മെറ്റല്‍ സൂചിക 4.29 ശതമാനം ലാഭം രേഖപ്പെടുത്തി. പവര്‍ 2.64, ഓട്ടോ 2.02, ഓയില്‍ ആന്‍ഡ് ഗ്യാസ് 1.94, ബാങ്ക് 1.59 ശതമാനവും മുന്നേറി.
ടാറ്റാ സ്റ്റീല്‍ ഓഹരി 4.91 ശതമാനവും പവര്‍ഗ്രിഡ് കോര്‍പറേഷന്‍ 3.72 ശതമാനവും എന്‍ടിപിസി 3.25 ശതമാനവും ലാഭത്തിലായി. റിലയന്‍സ് (2.84), അദാനി പോര്‍ട്സ് (2.81), എച്ച്ഡിഎഫ്സി ബാങ്ക് (2.33), സണ്‍ഫാര്‍മ (2.15), ടാറ്റാ മോട്ടോര്‍സ് (2.07), എസ്ബിഐ (1.62) എന്നിവയാണ് നേട്ടത്തില്‍ ആഴ്ച അവസാനിപ്പിച്ച മറ്റു ചില പ്രധാന ഓഹരികള്‍. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തി. ഇന്റര്‍ബാങ്ക് ഫോറെക്സ് വിപണിയില്‍ മുന്‍ദിവസത്തെ അവസാന നിരക്കായ 86.70ല്‍നിന്ന് 65 പൈസ നേട്ടത്തില്‍ 86.05ലാണ് രൂപ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.









0 comments