print edition പന്തലിൽ വേലിചാട്ടം; വിഐപികൾ പുറത്ത് ശിങ്കിടികൾ അകത്ത്

തിരുവനന്തപുരം: അണികൾ അതിരുവിട്ടതോടെ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങിൽ എംപിമാരും എംഎൽഎമാരും വിശിഷ്ട അതിഥികളും അടക്കമുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
സത്യപ്രതിജ്ഞ ചെയ്യാനെത്തിയ സിപി ജോൺ, ഒ ജെ ജെനീഷ് ഉൾപ്പെടെയുള്ള നിയുക്ത മന്ത്രിമാരെപ്പോലും പൊലീസുകാർ തടഞ്ഞു. ഒടുവിൽ പ്രവർത്തകർ ബഹളം വച്ചതോടെയാണ് ഇവരെ പ്രവേശിപ്പിച്ചത്. അണികളുടെ തള്ളിക്കയറ്റം അതിരുകടന്നതോടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നിലവിട്ട് പെരുമാറി.
എംഎൽഎമാരും എംപിമാരും ഉൾപ്പെടെയുള്ളവരെ പ്രവേശിപ്പിക്കാനുള്ള വിഐപി ഗേറ്റുകൾ പോലും അണികൾ കൈയടക്കി. സദസ്സിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളും തെറിവിളിയുമായി.
ബഹളങ്ങൾക്കിടെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി ഏറെ പണിപ്പെട്ടാണ് വേദിയിലേക്ക് കയറിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ടെത്തിയ സർക്കാർ പ്രതിനിധികൾക്ക് പോലും പന്തലിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. ചില മന്ത്രിമാരുടെ കുടുംബങ്ങൾ പുറത്തെ സ്ക്രീനിന് മുന്നിലിരുന്നാണ് ചടങ്ങ് കണ്ടത്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ ഉൾപ്പെടെ വിവിഐപി സുരക്ഷയുള്ളവർക്കുള്ള പ്രവേശന കവാടത്തിലും തിക്കുംതിരക്കുമായിരുന്നു. പിന്നീട് ബാരിക്കേഡും കയറും കെട്ടി തടഞ്ഞു.
വിഐപികൾക്കും മാധ്യമപ്രവർത്തകർക്കുമിട്ട കസേരകളെല്ലാം അണികൾ കൈയടക്കി. ഉന്നത കോൺഗ്രസ് നേതാക്കളും കക്ഷിനേതാക്കളും മതമേലധ്യക്ഷന്മാരുമെല്ലാം അകത്തുകടക്കാനാവാതെ വലഞ്ഞു.











0 comments