print edition സെക്രട്ടറിയറ്റ് സൊസൈറ്റി തെരഞ്ഞെടുപ്പ്; നടന്നത് കോൺഗ്രസ് – ബിജെപി ഒത്തുകളി

തിരുവനന്തപുരം: സെക്രട്ടറിയറ്റ് സ്റ്റാഫ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല സംഘടന ജയിച്ചത് ബിജെപി സംഘടനയുമായുണ്ടാക്കിയ ഒത്തുകളിയിൽ. കഴിഞ്ഞ ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ 11 പോസ്‌റ്റിലും 300 മുതൽ 400 വീതം വോട്ടുകൾ ലഭിച്ച ബിജെപി അനുകൂല സംഘടനയായ സെക്രട്ടറിയറ്റ് എംപ്ലോയീസ് സംഘ് ഇത്തവണ ഒരാളെമാത്രമാണ് മത്സരിപ്പിച്ചത്.
എല്ലാ സീറ്റിലും മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയെങ്കിലും കോൺഗ്രസ് അനുകൂല സംഘടനയുമായുള്ള ധാരണ പ്രകാരം പത്രികകൾ പിൻവലിക്കുകയായിരുന്നു. കോൺഗ്രസ് അനുകൂല സംഘടനയാണ് ഇവിടെ പതിവായി ജയിക്കാറ്. ഇത്തവണ രണ്ടായിരത്തോളം വോട്ട് നേടിയാണ് വിജയം.
സെക്രട്ടറിയറ്റ് ഹൗസിങ് സഹകരണ സംഘത്തിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ നേതൃത്വത്തിലുള്ള ഭരണസമിതി 2017ൽ ഏഴരക്കോടിയുടെ അഴിമതി നടത്തിയിരുന്നു. ക്രമക്കേട് നടത്തിയതിന് സൊസൈറ്റി സെക്രട്ടറിയും കോൺഗ്രസ് അനുകൂല സംഘടനാ നേതാവുമായ രവീന്ദ്രൻ നായർ എന്ന ചന്ദനം രവി അറുപത് ദിവസത്തോളം ജയിലിലും കിടന്നു.
ഇതേത്തുടർന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. അന്ന് സസ്പെൻഡ് ചെയ്ത രവീന്ദ്രൻ നായരെ ഇതുവരെ തിരിച്ചെടുത്തിട്ടില്ല. സൊസൈറ്റിയിൽ വ്യാജ മെമ്പർഷിപ് ചേർത്ത് തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് വായ്പ നൽകി കോടികൾ തട്ടിയെടുത്തതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
ഈ അഴിമതി പുറത്തുവന്നശേഷം നടന്ന തെരഞ്ഞെടുപ്പിൽ 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് അനുകൂല സംഘടന ജയിച്ചത്.
ഈ വസ്തുതകളെല്ലാം മറച്ചുവച്ച് സെക്രട്ടറിയറ്റ് സ്റ്റാഫ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല സംഘടന വൻ വിജയം നേടിയെന്ന തരത്തിലാണ് തിങ്കളാഴ്ച യുഡിഎഫ് പത്രമായ മനോരമ വാർത്ത നൽകിയത്. സ്ഥിരമായി ജയിക്കാറുള്ള യുഡിഎഫ് പാനൽ ജയിച്ചതിൽ സർക്കാരും സിപിഐ എമ്മും ഞെട്ടിയെന്നാണ് യുഡിഎഫ് പത്രത്തിന്റെ കണ്ടെത്തൽ.
കഴിഞ്ഞയാഴ്ച നടന്ന സെക്രട്ടറിയറ്റ് ക്യാന്റീൻ മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഇടത്പക്ഷ അനുകൂല സംഘടന മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതും നിരവധി സ്ഥാപനങ്ങളുള്ളതുമായ സെക്രട്ടറിയറ്റ് സ്റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പിലും ഇടതുപക്ഷ അനുകൂല സംഘടനയും മൂവായിരത്തിലധികം വോട്ടുകൾക്കാണ് സ്ഥിരമായി ജയിക്കാറുള്ളത്.










0 comments