ജാമ്യവ്യവസ്ഥ ലംഘിച്ചു; രണ്ടാം ബലാത്സംഗക്കേസിൽ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ്

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ് അയച്ചു. അതിജീവിതയെ ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ മാങ്കൂട്ടത്തിലോ അഭിഭാഷകനോ ഹാജരാകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.
മാങ്കൂട്ടത്തിൽ തന്നെ വാട്സാപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിത പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) ഈ മാസം 17ന് അറിയിച്ചിരുന്നു. തുടർന്ന്, പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതായി എസ്ഐടി കോടതി അറിയിച്ചു. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിക്കപ്പെട്ടതോടെയാണ് ഈ മാസം 28ന് മാങ്കൂട്ടത്തിലോ അഭിഭാഷകനോ കോടതിയിൽ ഹാജരാകണമെന്ന് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കർശന ഉപാധികളോടെയായിരുന്നു തിരുവനന്തപുരം സെഷൻസ് കോടതി മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. ജാമ്യകാലയളവിൽ അതിജീവിതമാരെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് ജാമ്യഉത്തരവിൽ കോടതി നിർദേശിച്ചിരുന്നു.
രാഹുൽ പ്രതിയായ മറ്റു രണ്ടു ബലാത്സംഗക്കേസുകളിലും മുൻകൂർജാമ്യം ലഭിച്ചിരുന്നു. ഗുരുതരവും ക്രൂരവുമായ ലൈംഗികാതിക്രമങ്ങളും വൈകൃതങ്ങളുമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അതിജീവിതമാർ വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ അനുയായികളിൽനിന്നുള്ള സൈബർ ആക്രമണങ്ങളും അതിജീവിതകൾ നേരിടുന്നുണ്ട്. ഇത് കണക്കിലെടുത്ത് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.










0 comments