ad
Deshabhimani

print edition ഗ‍ൗതം കൃഷ്‌ണയ്‌ക്കായുള്ള തിരച്ചിൽ; പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളെ ഉപയോഗപ്പെടുത്തിയില്ല: പിണറായി

pinarayi vijayan at reshmas house

കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗ‍ൗതം കൃഷ്‌ണയുടെ വീട്ടിലെത്തി അമ്മ രേഷ്‌മയെ ആശ്വസിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ, മത്സ്യഫെഡ്‌ ചെയർമാൻ ടി മനോഹരൻ എന്നിവർ സമീപം. ഫോട്ടോ: എം എസ് ശ്രീധർലാൽ

avatar
സ്വന്തം ലേഖകൻ

Published on Aug 12, 2026, 01:00 AM | 1 min read

കൊല്ലം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗ‍ൗതംകൃഷ്‌ണയ്‌ക്കായുള്ള തിരച്ചിലിന്റെ ആദ്യഘട്ടത്തിൽ തന്നെ സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളുണ്ടായെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. ഗ‍ൗതംകൃഷ്‌ണയുടെ അമ്മ രേഷ്‌മയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തിരച്ചിലിന്റെ ആദ്യഘട്ടത്തിൽത്തന്നെ ഫിഷറീസ്‌ വകുപ്പിനും സർക്കാരിനും വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. തിരച്ചിലിന്‌, മുൻ സർക്കാർ പരിശീലനം നൽകിയ മത്സ്യത്തൊഴിലാളികളെ ഉപയോഗപ്പെടുത്തിയില്ല. കാണാതായവരെക്കുറിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തത് കുടുംബത്തിന്റെ പ്രതീക്ഷകളെ കെടുത്തി. ഒരു മന്ത്രി തന്നെ വിളിച്ച് കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യപ്പെട്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതെന്ത്‌ ഭോഷ്‌ക്‌ ആണ്‌. മുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ സർക്കാരാണ് കേന്ദ്രത്തോട്‌ സഹായം ആവശ്യപ്പെട്ടത്‌. സഹായം ലഭിക്കുകയും ചെയ്‌തു.


തീരാദുഃഖത്തിലായ കുടുംബത്തെ ചേർത്തുനിർത്താൻ സർക്കാർ തയ്യാറാകണം. രേഷ്‌മയ്‌ക്ക്‌ ഏക ആശ്രയമായ ഇളയമകന്‌ ജോലി നൽകണം. കെഎംഎംഎല്ലിൽ ജോലി വേണമെന്നാണ്‌ അവരുടെ ആവശ്യം. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിനൊപ്പം വീടും നൽകണം. വള്ളത്തിനും അനുബന്ധ മത്സ്യബന്ധന ഉപകരണങ്ങൾക്കുമായി വൻ തുകയാണ്‌ കുടുംബം കടമെടുത്തത്‌. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ധരിപ്പിക്കും. കുടുംബത്തിന്റെ സംരക്ഷണമാണ് ഇനി ഉറപ്പാക്കേണ്ടതെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home