വൈദ്യുതി, ജല ബിൽ നിയന്ത്രിക്കാം; 9 മാർഗങ്ങൾ

ദിലീപ് സി എൻ എൻ
Published on Aug 15, 2026, 02:03 PM | 2 min read
കടുത്ത വേനൽച്ചൂടിൽ എയർ കണ്ടീഷണറുകളുടെയും ശീതീകരണ സംവിധാനങ്ങളുടെയും ഉപയോഗം വർധിക്കുന്നതോടെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപയോഗവും ഉയരും. ഇതോടെ പ്രതിമാസ ബില്ലിലും വർധനയുണ്ടാകാറുണ്ട്. ചെറിയ മുൻകരുതലുകളും ഡിജിറ്റൽ സേവനങ്ങളുടെ ഫലപ്രദമായ ഉപയോഗവും വഴി വൈദ്യുതി, -ജല ഉപയോഗം കുറയ്‌ക്കാനും പ്രതിമാസ ബിൽ നിയന്ത്രണവിധേയമാക്കാനും കഴിയും. വൈദ്യുതി, ജല ഉപയോഗം കുറച്ച് ബിൽ നിയന്ത്രിക്കാൻ ഒമ്പത് പ്രധാന നിർദേശങ്ങൾ ദേവ (ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) പുറത്തിറക്കിയിട്ടുണ്ട്.
എവേ മോഡ്
അവധി ദിവസങ്ങളിലോ ദീർഘകാലത്തേക്കോ വീടിന് പുറത്തായിരിക്കുമ്പോൾ ദേവയുടെ എവേ മോഡ് സേവനം സജ്ജമാക്കാനാകും. ഇതുവഴി വൈദ്യുതി, ജല ഉപയോഗം ദിവസേനയോ ആഴ്‌ചയിലൊരിക്കലോ ഇ-മെയിൽ വഴി നിരീക്ഷിക്കാനാകും. അസാധാരണ ഉപയോഗം ഉണ്ടായാൽ ഉടൻ തിരിച്ചറിയാനും ഇത് സഹായിക്കും.
ആപ്പിലൂടെ നിരീക്ഷിക്കാം
ദേവയുടെ സ്‌മാർട്ട് ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ വൈദ്യുതി, ജല ഉപയോഗം, ബില്ലിന്റെ വിശദാംശങ്ങൾ, അസാധാരണ ജല ഉപയോഗ മുന്നറിയിപ്പുകൾ എന്നിവ പരിശോധിക്കാം. സമാന വീടുകളുമായി സ്വന്തം ഉപയോഗം താരതമ്യം ചെയ്യാനാകും. ഉപയോഗം വിലയിരുത്തുന്ന പ്രത്യേക സംവിധാനവും ലഭ്യമാണ്.
ഉച്ചസമയം ശ്രദ്ധിക്കാം
വേനൽക്കാലത്ത് ഉച്ചയ്‌ക്ക് 12 മുതൽ വൈകിട്ട് ആറുവരെ വാഷിങ് മെഷീൻ, ഡിഷ് വാഷർ, ഇലക്‌ട്രിക് ഓവൻ, വാട്ടർ ഹീറ്റർ, ഇസ്‌തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം. പകരം രാവിലെയോ വൈകിട്ടോ ഉപയോഗിക്കാനും നിർദേശമുണ്ട്.
എസി 24 ഡിഗ്രി
എയർ കണ്ടീഷണറിന്റെ താപനില 24 ഡിഗ്രിയിൽ ക്രമീകരിച്ച് ഓട്ടോ മോഡിൽ പ്രവർത്തിപ്പിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. താപനില ഒരു ഡിഗ്രി കുറച്ചാൽ വൈദ്യുതി ഉപയോഗം ഏകദേശം അഞ്ചുശതമാനംവരെ വർധിക്കും.
പഴയ എസി മാറ്റാം
10 വർഷത്തിലേറെ പഴക്കമുള്ള എയർ കണ്ടീഷണറുകൾക്ക് പകരം ഊർജക്ഷമതയുള്ള പുതിയ മോഡലുകൾ ഉപയോഗിക്കം. ഇതുവഴി ശീതീകരണത്തിനുള്ള വൈദ്യുതി ഉപയോഗം 25 ശതമാനംവരെ കുറയ്‌ക്കാനാകും.
എസിക്കൊപ്പം ഫാനും
സീലിങ് ഫാനുകളോ സ്റ്റാൻഡ് ഫാനുകളോ എസിക്കൊപ്പം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മുറിയിലെ തണുപ്പ് കൂടുതൽ കാര്യക്ഷമമായി നിലനിർത്താൻ സഹായിക്കും. അതുവഴി എസിയുടെ പ്രവർത്തനഭാരവും കുറയ്‌ക്കാനാകും.
ഫിൽറ്റൽ വൃത്തിയാക്കാം
പൊടിയും അഴുക്കും അടിഞ്ഞുകൂടിയ ഫിൽറ്ററുകൾ എസിയുടെ കാര്യക്ഷമത കുറയ്‌ക്കും. വേനൽക്കാലത്ത് മാസത്തിൽ ഒരിക്കലെങ്കിലും ഫിൽറ്ററുകൾ വൃത്തിയാക്കുന്നത് നല്ലതാണ്.
സൂര്യപ്രകാശം തടയാം
ഉച്ചസമയങ്ങളിൽ ജനലുകളിൽ കർട്ടനുകളോ ബ്ലൈൻഡുകളോ ഉപയോഗിച്ച് നേരിട്ടുള്ള സൂര്യപ്രകാശം തടയുന്നത് മുറിയിലെ ചൂട് കുറയ്‌ക്കും. ഇതിലൂടെ എസിയുടെ ഉപയോഗം നിയന്ത്രിക്കാനാകും.
ജലചോർച്ച
വാട്ടർ ടാങ്കുകൾ, പൈപ്പുകൾ, കിച്ചൺ, ബാത്ത്റൂം, വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ എന്നിവിടങ്ങളിലെ ചോർച്ചകൾ ജല ഉപയോഗം ഗണ്യമായി വർധിപ്പിക്കും. ദേവയുടെ ഉയർന്ന ജല ഉപയോഗ മുന്നറിയിപ്പ് (High Water Usage Alert) സേവനം ഉപയോഗിച്ച് അസാധാരണ ജല ഉപയോഗം കണ്ടെത്താനും സമയബന്ധിതമായി പരിഹരിക്കാനും കഴിയും.










0 comments