കേന്ദ്രനീക്കം ലക്ഷക്കണക്കിന് 
മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തകര്‍ക്കും

കടൽമണൽ 
ഖനനവുമായി കേന്ദ്രം ; കേരളത്തിന്റെ ഒറ്റക്കെട്ടായ അഭ്യര്‍ഥന തള്ളി

sea mining kerala
വെബ് ഡെസ്ക്

Published on Jul 19, 2025, 03:18 AM | 1 min read


ന്യൂഡൽഹി

മത്സ്യസമ്പത്തിനും ആഴക്കടലിലെ ജൈവവൈവിധ്യത്തിനും കനത്ത ആഘാതമേൽപ്പിക്കുന്ന കടൽമണൽ ഖനനത്തിനെതിരെ ഒറ്റക്കെട്ടായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് പുല്ലുവില കല്‍പിച്ച് ടെൻഡര്‍ നടപടികളുമായി കേന്ദ്രസർക്കാർ. ഖനനത്തിനായി ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള ടെൻഡർ രേഖകൾ കമ്പനികൾ 28നകം സമർപ്പിക്കണമെന്ന്‌ കേന്ദ്രസർക്കാർ അറിയിച്ചു.


കേരളത്തിലും ഗുജറാത്തിലും ആൻഡമാനിലും കടലിൽനിന്നും മണലും ധാതുക്കളും ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം മാർച്ചിലാണ്‌ ടെൻഡര്‍ ക്ഷണിച്ചത്‌. അപേക്ഷകൾ വാങ്ങാനുള്ള അവാസാന തീയതി ചൊവ്വാഴ്‌ചയായിരുന്നു. വിദേശകമ്പനികളുടെ ഉപകമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാനാകുംവിധം ടെൻഡർ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി. പരിശോധനയ്ക്കുശേഷം ടെൻഡറില്‍ പങ്കെടുക്കാന്‍ യോ​ഗ്യതയുള്ള കമ്പനികളെ ആഗസ്ത്‌ 21നും സെപ്തംബർ രണ്ടിനുമിടയിൽ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കുന്ന കമ്പനിയെ സെപ്തംബർ എട്ടിന്‌ പ്രഖ്യാപിക്കും.


കേന്ദ്ര നിയമമായ 2002ലെ ഓഫ്ഷോർ ഏരിയാസ് മിനറൽ ഡെവലപ്‌മെന്റ് ആൻഡ്‌ റെഗുലേഷൻ ആക്ടിൽ 2023ൽ വരുത്തിയ ഭേദഗതി പ്രകാരം പര്യവേഷണത്തിലും ആഴക്കടൽ ധാതുഖനനത്തിലും സ്വകാര്യ പങ്കാളിത്തം അനുവദിച്ചു. തുടർന്നാണ് കേന്ദ്ര ഖനി മന്ത്രാലയം ആഴക്കടൽ ധാതു ബ്ലോക്കുകൾ ലേലംചെയ്യുന്നതിന്റെ തുടർനടപടി തുടങ്ങിയത്. കടല്‍മണല്‍ഖനനത്തിനെതിരെ കേരളനിയമസഭ ഏകകണ്‌ഠമായാണ്‌ പ്രമേയം പാസാക്കിയത്‌.


കേരളത്തിൽ കൊല്ലം ജില്ലയിലാണ്‌ ആദ്യഘട്ട ഖനനത്തിന്‌ പദ്ധതിയിടുന്നത്‌. പിന്നാലെ, പൊന്നാനി, ചാവക്കാട്‌, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. കേന്ദ്രനീക്കം ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ ബാധിക്കും. ധാതു ഖനനലേലം കേരളത്തിന്റെ പരമ്പരാഗത മത്സ്യമേഖലകളെ തകര്‍ക്കും. എന്നാല്‍ കേരളത്തിന്റെഎതിർപ്പും ആശങ്കയും കേന്ദ്രം അവഗണിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home