ad
Deshabhimani

എൽഡിഎഫിനെതിരെ കോൺ​ഗ്രസിന് വർ​ഗീയകക്ഷികളുടെ പിന്തുണ; പാങ്ങോട് എസ്ഡിപിഐ, വെൽഫയർ പാർടി വോട്ടുകൾ യുഡിഎഫിന്

sdpi congress
വെബ് ഡെസ്ക്

Published on Dec 27, 2025, 05:31 PM | 1 min read

വെഞ്ഞാറമൂട്: തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ എൽഡിഎഫിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ യുഡിഎഫിനെ പിന്തുണച്ച് വർ​ഗീയകക്ഷികൾ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിലാണ് എസ്ഡിപിഐയും വെൽഫയർ പാർടിയും യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണനൽകിയത്.


ആകെ 19 വാർഡിൽ സിപിഐ എം ഏഴ്, കോൺഗ്രസ് ആറ്, എസ്ഡിപിഐ മൂന്ന്, ബിജെപി രണ്ട്, വെൽഫയർ പാർടി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ശനിയാഴ്ച രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ എമ്മിലെ സിമിയും യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ എസ് ഗീതയുമാണ് മത്സരിച്ചത്. സിമിയ്ക്ക് ഏഴ് വോട്ടും ഗീതയ്ക്ക് എസ്ഡിപിഐ, വെൽഫയർ പാർടി പിന്തുണയിൽ 10 വോട്ടും കിട്ടി. ബിജെപി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.


തുടർന്ന്, വിജയിച്ച ഗീത പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തു. വർ​ഗീയവാദികളുടെ പിന്തുണ നേടിയ കോൺഗ്രസ് നിലപാടിനെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഇതോടെ ഒരു വിഭാഗം കോൺഗ്രസുകാർ പ്രസിഡൻ്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ മറുഭാഗം ഈ ആവശ്യം അംഗീകരിച്ചില്ല. കഴിഞ്ഞ അഞ്ച് വർഷവും യുഡിഎഫ് പാങ്ങോട് പഞ്ചായത്ത് ഭരിച്ചത് എസ്ഡിപിഐ, വെൽഫയർ പാർടി പിന്തുണയിലായിരുന്നെന്നും അപ്പോഴില്ലാത്ത എന്ത് പ്രശ്നം ഇപ്പോഴുള്ളതെന്ന് ചോദിച്ച് കോൺ​ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നത് വലിയ തർക്കത്തിന് കാരണമായി.


സംഭവം വാർത്തയായതോടെ ​ഗതിയില്ലാതെ വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രസിഡൻ്റ് രാജിവെച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും എസ്ഡിപിഐയും വെൽഫയർ പാർടിയും കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാർഥി ലളിതകുമാരിയ്ക്ക് 10 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി ജി എസ് ഹേമന്ദിന് ഏഴ് വോട്ടും ലഭിച്ചു. ഇതും വാർ‌ത്തയായതിന് പിന്നാലെ ലളിതകുമാരിയും രാജിവച്ചു.


പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് എന്നിവർ രാജിവച്ചത് തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചതായും അടുത്ത തെരഞ്ഞെടുപ്പ് തീയതി കമീഷൻ പ്രഖ്യാപിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ബെൻസിലാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home