സ്‌കൂൾ കായികമേള മെഡൽ ജേതാക്കൾക്കുള്ള ഭവന പദ്ധതി; മൂന്ന് വിദ്യാർഥികൾക്ക് കെഎസ്ടിഎ വീട് നിർമ്മിച്ച് നൽകും: വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണമെഡൽ നേടിയ നിർധനരായ വിദ്യാർഥികൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മൂന്ന് കുട്ടികൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാതൃകാ പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ സദുദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കെഎസ്ടിഎയുടെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ അർഹരായ കുട്ടികളുടെ പട്ടികയിൽനിന്ന്-നിവേദ്യ കലാധർ: വിഎംഎച്ച്എസ് വടവന്നൂർ, പാലക്കാട് (അത്‌ലറ്റിക്‌സ് വിഭാഗം), സോണിയ മോഹൻ ജിഎച്ച്എസ്എസ് കുട്ടമത്ത്, കാസർഗോഡ് (അത്‌ലറ്റിക്‌സ് വിഭാഗം), ആർ ദൃശ്യ, മൗണ്ട് കാർമൽ എച്ച്എസ്എസ്, കോട്ടയം (റോളർ സ്‌കേറ്റിംഗ്) എന്നിവർക്കാണ് വീട് നൽകുക.
ആകെ അഞ്ച് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ബാക്കിയുള്ള അപേക്ഷകളിൽ നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അർഹരായ എല്ലാ കായിക പ്രതിഭകൾക്കും സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധ്യാപക സമൂഹം കാണിക്കുന്ന ഈ സാമൂഹിക പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും മന്ത്രി അറിയിച്ചു.










0 comments