Deshabhimani

സഹകരണ മേഖലയിലെ യുഡിഎഫ് സർക്കാരിന്റെ നടപടികൾ ജനാധിപത്യവിരുദ്ധം: സിപിഐ എം

CPIM
വെബ് ഡെസ്ക്

Published on Oct 24, 2026, 04:58 PM | 1 min read

തിരുവനന്തപുരം: സഹകരണ മേഖലയിലെ യുഡിഎഫ്‌ സര്‍ക്കാരിന്റെ നടപടികൾ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌. സഹകരണ മേഖല സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയില്‍ സുപ്രധാനമായ പങ്കാണ്‌ വഹിക്കുന്നത്‌.


ഗ്രാമീണമേഖലയിലെ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലാണ്‌ സഹകരണ ബാങ്കുകള്‍. കേരള ബാങ്ക്‌ ഏറ്റവും ശ്രദ്ധേയമായ വിധത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ധനകാര്യ സ്ഥാപനമാണ്‌. കേരള ബാങ്കിനെ തകര്‍ക്കുകയാണ്‌ യുഡിഎഫിന്റെ ലക്ഷ്യം.


മലപ്പുറം ജില്ലാ ബാങ്ക്‌ ലയിപ്പിച്ച നടപടിക്കെതിരെ നേരത്തെ ഫയല്‍ ചെയ്‌തിരുന്ന കേസില്‍ സുപ്രീംകോടതിയില്‍ യുഡിഎഫ്‌ അധികാരത്തില്‍ വന്നതോടെ അധികമായി സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലൂടെയാണ്‌ കേരള ബാങ്ക്‌ ഇല്ലാത്താക്കാനുള്ള നിലപാട്‌ സ്വീകരിച്ചത്‌.


കേരള ബാങ്ക്‌ പിരിച്ച്‌ വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ഇത്‌. കേരള ബാങ്കിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഭരണസമിതിയുടെ അധികാരം കവര്‍ന്നെടുക്കുകയും സഹകരണ രജിസ്‌ട്രാര്‍ മുഖേന നിയമവും ചട്ടവും മറികടന്ന്‌ തുടര്‍ച്ചയായി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്യുകയാണ്‌.


കേരള ബാങ്ക്‌ ഭരണസമിതിയിലേക്ക്‌ 2026 ജനുവരിയില്‍ നോമിനേറ്റ്‌ ചെയ്‌ത രണ്ട്‌ പ്രൊഫഷണല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അവര്‍ രണ്ടുപേരും ബാങ്കിംഗ്‌ മേഖലയില്‍ കഴിവ്‌ തെളിച്ചവരാണ്‌. മില്‍മ ഭരണസമിതി ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടു.


ഹൈക്കോടതി ആ നടപടിയെ നിയമവിരുദ്ധമാണെന്ന്‌ കണ്ടതിനാല്‍ തടഞ്ഞിരിക്കുകയാണ്‌. ഭരണസമിതി പിരിച്ചു വിടാനുള്ള കാരണം പറഞ്ഞത്‌ ആകട്ടെ, ആ ഭരണസമിതിയുടെ കാലത്ത്‌ നടക്കാത്ത സംഭവങ്ങളെ ചൂണ്ടിക്കാട്ടിയാണ്‌. സംസ്ഥാന സഹകരണ യൂണിയന്റെ ദൈനംദിന ഭരണത്തിലും നിയമവിരുദ്ധമായി ഇടപെടുന്നു.


സഹകരണ മേഖലയിലെ ജീവനക്കാരെ തലങ്ങും വിലങ്ങും മാനദണ്ഡം ലംഘിച്ചുകൊണ്ട്‌ സ്ഥലം മാറ്റുകയാണ്‌. സ്ഥലം മാറ്റത്തിന്റെ പിന്നില്‍ അഴിമതിയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്‌. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുകയാണ്‌ യുഡിഎഫിന്റെ ലക്ഷ്യം.


സഹകരണ മേഖലയെ തകര്‍ക്കുന്ന ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ക്കെതിരെ സഹകാരികളും ജനങ്ങളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home