സ്കൂൾ പ്രവേശനം: മുന്നൊരുക്കങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ച് വിദ്യാഭ്യാസവകുപ്പ്

school reopening
വെബ് ഡെസ്ക്

Published on May 14, 2025, 03:11 PM | 3 min read

തിരുവനന്തപുരം : സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ജൂൺ രണ്ടിനാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ


സ്‌കൂൾ സുരക്ഷ


സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. സുരക്ഷ മുൻനിർത്തി സ്‌കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്. സ്‌കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണ്.


കുട്ടികളുടെ സുരക്ഷ


അധ്യയനവർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകണം. വീട്ടിൽ നിന്നു സ്‌കൂളിലേക്കും സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കും കുട്ടികൾ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്‌കൂൾ ബസ്

തുടങ്ങിയവ ഉപയോഗിക്കുമ്പോൾകുട്ടികളുടെ സുരക്ഷ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഇതെല്ലാം സ്‌കൂൾ തലത്തിൽ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.


പരിസര ശുചീകരണം


സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളും പരിസരവും നന്നായി വൃത്തിയാക്കേണ്ടതാണ്. പിടിഎ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൂർവവിദ്യാർഥി സംഘടന തുടങ്ങിയ ജനകീയ ഘടകങ്ങളെ മുൻനിർത്തി ക്ലാസ് മുറികളും സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിന് മുൻകൈയെടുക്കേണ്ടതാണ്. സ്‌കൂൾ അന്തരീക്ഷം ആകർഷകമാക്കുന്നതിനു വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തണം.


ഉച്ചഭക്ഷണം


സ്‌കൂൾ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ തുടങ്ങിയവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. ഉപയോഗശേഷം സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങൾ, മറ്റ് കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിക്കുന്നില്ലെന്ന് പ്രധാന അധ്യാപകൻ ഉറപ്പുവരുത്തേണ്ടതാണ്. പാചകത്തൊഴിലാളികൾ ഹെൽത്ത് കാർഡ് എടുത്തുവെന്ന് ഉറപ്പാക്കുക. സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കണം.


ആസൂത്രണവും വിലയിരുത്തലും


ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, കോർപ്പറേഷൻ മേയർ, മുനിസിപ്പൽ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, വിദ്യാഭ്യാസ ഉപഡയറക്ടർ, ആർഡിഡി, എഡി - വിഎച്ച്എസ്‍സി, ഡയറ്റ് പ്രിൻസിപ്പാൾ, ഡിപിസി എന്നിവരുടെ യോഗം ജില്ലാതലത്തിൽ ചേരുന്നതിനാവശ്യമായ നടപടികൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ കൈക്കൊള്ളേണ്ടതും സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യേണ്ടതും തുടർപ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്. സ്‌കൂൾ തലത്തിൽ പിടിഎ യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യണം.


യാത്രാസുരക്ഷ


സ്‌കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് മുതലായവ സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ഓട്ടോ, ടാക്‌സി, വാൻ, പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്ര ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ/അസോസിയേഷനുമായിബന്ധപ്പെട്ട് ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. കുട്ടികളുടെ ബസ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കൃത്യമായ സ്റ്റോപ്പുകളിൽ കുട്ടികൾക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. ബസിന്റെ ഫുട്‌ബോഡിൽ നിന്ന് കുട്ടികൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ തുടർനടപടി സ്വീകരിക്കേണ്ടതാണ്. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ

ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം തേടേണ്ടതാണ്. സ്‌കൂൾ കുട്ടികളുടെ യാത്രാ സമയങ്ങളിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ നിയന്ത്രണം ബന്ധപ്പെട്ട അധികാരികൾ ഉറപ്പു വരുത്തേണ്ടതാണ്.


പ്രവേശനോത്സവം


എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന സമ്മേളനം തത്സമയം പ്രദർശിപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തണം. അതിനുശേഷമായിരിക്കണം ജില്ലകളിൽ സ്‌കൂൾതല പ്രവേശനോത്സവവും ജില്ലാതല പ്രവേശനോത്സവവും നടത്തേണ്ടത്. സ്‌കൂൾ പ്രവേശന നടപടികൾ സുഗമമായി പൂർത്തികരിക്കേണ്ടതാണ്. പ്രവേശനോത്സവ പരിപാടികൾ വിപുലമായ രീതിയിൽ ജനകീയ ഘടകങ്ങളുമായി ആലോചിച്ച് സംഘടിപ്പിക്കണം. കൃത്യസമയത്തു തന്നെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. സ്‌കൂളിനെ ഒറ്റ യൂണിറ്റായി കണ്ട് പ്രവേശനോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്‌കൂൾ പ്രിൻസിപ്പാൾ/ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കേണ്ടതാണ്.


ഈ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉപജില്ലാ/ജില്ലാവിദ്യാഭ്യാസ ഓഫീസ് തലങ്ങളിൽ പ്രിൻസിപ്പാൾ, പ്രധാനാധ്യാപകരുടെ യോഗം വിളിച്ചു ചേർക്കേണ്ടതും ഡയറ്റ് ഫാക്കൽറ്റി അക്കാര്യത്തിൽ ഓഫീസർമാരെ സഹായിക്കേണ്ടതുമാണ്. ഈ വർഷത്തെ ടൈംടേബിൾ തയ്യാറാക്കുമ്പോൾ കലാ-കായിക-സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ എന്നിവയ്ക്ക് സമയം ലഭിക്കത്തക്ക രൂപത്തിൽ ടൈംടേബിൾ തയ്യാറാക്കേണ്ടതാണ്.


ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയൽ, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതൽ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവൽക്കരണം, മൊബൈൽ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റൽ ഡിസിപ്ലീൻ, ആരോഗ്യകരമല്ലാത്ത സോഷ്യൽ മീഡിയാ ഉപയോഗം എന്നീ വിഷയങ്ങൾ സംബന്ധിച്ച് ജൂൺ 2 മുതൽ രണ്ടാഴ്ചക്കാലം ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിലും ജൂലൈ 18 മുതൽ ഒരാഴ്ചക്കാലവും ക്ലാസ് എടുക്കും. പൊതുവായിട്ടുള്ള ഒരു മാർഗരേഖ ഉണ്ടാക്കി രണ്ട് ദിവസം വർക്ക്‌ഷോപ്പ് നടത്തി പൊലീസ്, എക്‌സൈസ്, ബാലവകാശ കമീഷൻ, സോഷ്യൽ ജസ്റ്റിസ്, എൻഎച്ച്എം, വിമൻ ആൻഡ് ചൈൽഡ് ഡവലപ്‌മെന്റ്, എസ്‍സിഇആർടി, കൈറ്റ്, എസ്എസ്കെ എന്നിവയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തും.


ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി


സംസ്ഥാനത്തെ 1680 ഗവൺമെന്റ്, എയിഡഡ്, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സൗഹൃദ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളുകളിലെ അധ്യാപകൻ/അധ്യാപികയ്ക്ക് സൗഹൃദ കോർഡിനേറ്റർമാരുടെ ചുമതല നൽകിയിട്ടുണ്ട്. കോർഡിനേറ്റർമാർക്ക് 4 ദിവസത്തെ പരീശീലനം നടത്തിയിട്ടുണ്ട്. കൗമാരക്കാരായ കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത തടയാനും മികച്ച മാനസിക ആരോഗ്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സൗഹൃദ ക്ലബ്ബുകൾ. സ്‌കൂളിൽ മെന്ററിങ് ശക്തിപ്പെടുത്തുകയും മൈന്റർമാർ നിരന്തരം വിദ്യർത്ഥികളോട് സമ്പർക്കം പുലർത്താനും ആയതിന്റെ ഡയറി സൂക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആത്മഹത്യ പ്രവണതയ്‌ക്കെതിരെ ബോധവൽക്കരണം, ടെലി കോൺഫറൻസിംഗ്, പരീക്ഷ പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂൺ 2 ന് സ്‌കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കും.






deshabhimani section

Related News

View More
0 comments
Sort by

Home