print edition സ്കൂൾ ഉച്ചഭക്ഷണവും മുട്ടുമെന്ന് ആശങ്ക: സർക്കാർ വിഹിതം വർധിപ്പിക്കണം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അവശ്യസാധന വിലവർധന സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാക്കി. പാചകവാതകത്തിനുപുറമെ പാലിനും മുട്ടയ്‌ക്കുമെല്ലാം വില കൂടി. നിലവിലെ സർക്കാർ വിഹിതം വർധിപ്പിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം പ്രയാസമാകുമെന്ന് പ്രധാനാധ്യാപകർ പറഞ്ഞു. ഭക്ഷ്യവസ്‌തുക്കളുടെ വിതരണം സർക്കാർ ഏറ്റെടുക്കണമെന്നും കുട്ടികളുടെ അന്നം മുടക്കാൻ കഴിയാത്തതിനാൽ കൈയിൽനിന്ന് പണമെടുത്താണ് സാധനങ്ങൾ വാങ്ങുന്നതെന്നും അവർ പറയുന്നു.
കഴിഞ്ഞ അധ്യയനവർഷം അവസാനിക്കുമ്പോൾ വാണിജ്യ സിലിണ്ടറിന് 1,800 രൂപയായിരുന്നത് ഇപ്പോൾ 3,400 ആയി. നൂറ് കുട്ടികളുള്ള സ്‌കൂളിൽ മാസം കുറഞ്ഞത് മൂന്ന് സിലിണ്ടറെങ്കിലും വേണം. സപ്ലൈകോ വഴി അരി മാത്രമാണ് സർക്കാർ നൽകുന്നത്. പച്ചക്കറിയും പലവ്യഞ്ജനവും പുറത്തുനിന്ന് വാങ്ങണം.
എട്ടാം ക്ലാസ് വരെയാണ് ഉച്ചഭക്ഷണ പദ്ധതി. പ്രീ പ്രൈമറി, ലോവർ പ്രൈമറി തലങ്ങളിൽ 6.78 രൂപയും അപ്പർ പ്രൈമറിയിൽ 10.17 രൂപയുമാണ് വിദ്യാർഥിക്ക് വിഹിതം. 2025ൽ വർധിപ്പിച്ച തുകയാണിത്. നിലവിലെ വിലപ്രകാരം ഇൗ വിഹിതം ഉപയോഗിച്ച് ഭക്ഷണം ഒരുക്കുക വെല്ലുവിളിയാണ്. അധികപോഷണ പദ്ധതിയുടെ ഭാഗമായി ആഴ്‌ചയിൽ ഒരുദിവസം മുട്ടയും രണ്ടുദിവസം പാലും നൽകുന്നു. ഒരു കുട്ടിക്ക് 150 മില്ലീലിറ്റർ പാൽ എന്നാണ് കണക്ക്. മുട്ടയ്‌ക്ക് ആറു രൂപയാണ് സർക്കാർ നൽകുക. നിലവിൽ മൊത്ത വിപണിയിൽ എട്ടുരൂപയും സാധാരണ കടകളിൽ 8.50 രൂപയുമാണ് മുട്ട വില. പാലിന് ലിറ്ററിന് 52 രൂപയാണ് സർക്കാർ വിഹിതം. വിപണിയിൽ ശരാശരി 60 രൂപ വിലയുണ്ട്.










0 comments