print edition പട്ടികവിഭാഗങ്ങൾ എല്ലാം നേടിയത് പ്രക്ഷോഭത്തിലൂടെ: മുഖ്യമന്ത്രി

കെപിഎംഎസ് 55–ാമത് സംസ്ഥാന സമ്മേളനം എറണാകുളം മറൈൻഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: പട്ടികവിഭാഗങ്ങൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും ആരെങ്കിലും ദയാപൂർവം നൽകിയതല്ല, ഉജ്വലമായ പ്രക്ഷോഭത്തിലൂടെ നേടിയെടുത്തതാണെന്നും ആ ചരിത്രം ഓർമയുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രാജ്യത്തിന്റെ മറ്റിടങ്ങളിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്പോഴും കേരളം മാതൃകാപരമായി ഉയർന്നത് നവോത്ഥാനത്തിന് ഇടതുപുരോഗമനപ്രസ്ഥാനങ്ങളിലൂടെ തുടർച്ചയുണ്ടായതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെപിഎംഎസ് സംസ്ഥാന സമ്മേളനം മറൈൻഡ്രൈവിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഓരോദിവസവും 157 പട്ടികജാതിക്കാർ ജാതീയമായ ആക്രണം നേരിടുന്നുവെന്നാണ് കണക്ക്. ദളിത് സമുദായത്തിൽനിന്ന് ഉയർന്നുവന്ന സുപ്രീംകോടതി ചീഫ് ജസ്‌റ്റിസിനെതിരെ ജാതിവികാരംവച്ച് അതിക്രമമുണ്ടായി. ഏത് ഉന്നതസ്ഥാനത്ത് പട്ടികജാതിക്കാരൻ എത്തിയാലും അസഹിഷ്‌ണുതയുണ്ടാക്കുമെന്നതിന് തെളിവാണിത്.
അംബേദ്‌കർ എന്ന പേര് കേൾക്കുമ്പോൾ അസ്വസ്ഥതയുണ്ടാകുന്ന ചിലരെ ജനാധിപത്യത്തിന്റെ പ്രധാന വേദിയായ പാർലമെന്റിൽപ്പോലും കാണേണ്ട ഗതികേടുണ്ടായി. സംവരണം ഇല്ലാതാക്കുന്നത് ഗൗരവത്തിൽ കാണണം. എന്നാൽ, സംവരണതത്വം പാലിച്ച് വലിയതോതിൽ നിയമനങ്ങൾ നൽകുന്ന സംസ്ഥാനമാണ് കേരളം- മുഖ്യമന്ത്രി പറഞ്ഞു.










0 comments