ഭവന നിർമ്മാണ തട്ടിപ്പ്: മുൻ പട്ടികജാതി വികസന ഓഫീസർക്ക് 12 വർഷം കഠിന തടവ്

ഇടുക്കി: ഇടുക്കി കീഴാന്തൂർ വില്ലേജിലെ പട്ടകജാതി വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ മുൻ ദേവികുളം താലൂക്ക് പട്ടികജാതി വികസന ഓഫീസർ ക്രിസ്റ്റഫർ രാജിന് 12 വർഷം കഠിന തടവ്. കഠിന തടവിനു പുറമെ 9,40,000 രൂപ പിഴ നൽകണമെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചു. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) എൻ വി രാജു ആണ് വിധി പുറപ്പെടുവിച്ചത്.
2002-2003 കാലഘട്ടത്തിൽ ഇടുക്കി ജില്ലയിലെ കീഴാന്തൂർ വില്ലേജിൽ പട്ടികജാതി വിഭാഗക്കാർക്കായുള്ള ഭവന നിർമ്മാണ പദ്ധതി പ്രകാരം 13 ഉപഭോക്താക്കൾക്ക് അനുവദിച്ച തുകയിൽ 10,93,500 രൂപ വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത കേസിലാണ് ശിക്ഷാനടപടി. ഇടുക്കി വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സരിത വി എ ഹാജരായി.
ഇതേ കാലഘട്ടത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ പദ്ധതി പ്രകാരം അനുവദിച്ച തുകയിൽ 11,90,000 രൂപ വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത കേസിൽ ക്രിസ്റ്റഫർ രാജിനെ വിജിലൻസ് കോടതി ഏഴു വർഷം കഠിന തടവും 30,00,000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. 2024 സെപ്തംബറിലാണ് ശിക്ഷിച്ച വിധിച്ചത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.









0 comments