നൈപുണ്യ പരിശീലനത്തിലൂടെ പട്ടികവിഭാഗം കുട്ടികളെ മുഖ്യധാരയിലെത്തിക്കും : മന്ത്രി ഒ ആർ കേളു

എറണാകുളം : നൈപുണ്യ പരിശീലന പരിപാടിയിലൂടെ പട്ടിക വിഭാഗത്തിലുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പട്ടിക വിഭാഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു . പട്ടികജാതി വികസന വകുപ്പ് 'ബി.ഡബ്ല്യൂ.എഫ്.എസ്' (ബേർഡ് വേൾഡ് വൈഡ് ഫ്ലൈറ്റ് സർവീസ്) എന്ന സ്ഥാപനം മുഖേന എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് പരിശീലനം പൂർത്തീകരിച്ച പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ ലക്ഷ്യബോധത്തോടെയാണ് നൈപുണ്യ പരിശീലന പരിപാടി അടക്കമുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. പട്ടിക വിഭാഗത്തിന്റെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തോടൊപ്പം ഇത്തരം പദ്ധതികളിലൂടെ എല്ലാവർക്കും ജോലിയും മികച്ച ഭാവിയും ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ
ലക്ഷ്യം. കഴിഞ്ഞ ഒരു വർഷ കാലയളവിൽ 50,000 ൽ അധികം കുട്ടികൾക്ക് നൈപുണ്യ പരിശീലനം നൽകാൻ സാധിച്ചിട്ടുണ്ട്. പട്ടികവിഭാഗ, പിന്നാക്ക വികസന വകുപ്പുകൾക്ക് കീഴിൽ 1000 ത്തിലധികം കുട്ടികൾക്ക് വിദേശ യൂണിവേഴ്സിറ്റികളിൽ പഠനം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എട്ട് ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ 115 വിദ്യാർഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും എയർ ഇന്ത്യ, ആകാശ, കുവൈറ്റ് എയർവേയ്സ്, എമിറേറ്റ്സ് തുടങ്ങിയ എയർലൈനുകളിൽ ജോലിയും ലഭിച്ചു.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ അധ്യക്ഷയായി . എയർപോർട്ട് ഡയറക്ടർ ജി. മനു മുഖ്യ പ്രഭാഷണം നടത്തി. പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ വി. സജീവ്, ബേർഡ് വേൾഡ് വൈഡ് ഫ്ലൈറ്റ് സർവീസ് ജനറൽ മാനേജർ ദുഷ്യന്ത് കൗശൽ തുടങ്ങിയവർ സംസാരിച്ചു.കോഴ്സ് ഫീസും ഹോസ്റ്റൽ ചെലവുമാക്കം 2, 13,000 രൂപ വീതം ഓരോ വിദ്യാർത്ഥികൾക്കും സർക്കാർ വിനിയോഗിച്ചു.








0 comments